കോട്ടയം: കോട്ടയത്ത് അനുജൻ ചേട്ടനെ അടിച്ചു കൊന്നതിനു പിന്നിലും കഞ്ചാവിനെ ചൊല്ലിയുള്ള തർക്കം. പുതുപ്പള്ളി തച്ചുകുന്ന് കുന്നേൽ കൊച്ചുമോന്റെ മകൻ കെ.കെ സനൽ (27) ആണ് മരിച്ചത്.
സനലിന്റെ സഹോദരൻ അഖിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴിനു വൈകുന്നേരമായിരുന്നു സംഭവം.
സഹോദരങ്ങൾ മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. അമ്മ നേരത്തെ മരിച്ചു. പിതാവ് വീട്ടിലേക്കു വരാറില്ല. ഇവരുടെ വീട്ടിലേക്ക് സമീപവാസികളും എത്താറില്ല.
ഉറക്കത്തിലായിരുന്ന സനലിനെ വിളിച്ചുണർത്തി അഖിൽ കഞ്ചാവ് ആവശ്യപ്പെട്ടു. പല തവണയായി കഞ്ചാവ് ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്നു അഖിൽ സനലിനെ മർദിക്കുകയായിരുന്നു. തുടർന്നു പട്ടികയ്ക്കു സനലിനെ മർദിക്കുകയും നെഞ്ചത്ത് ചവിട്ടുകയും ചെയ്തു.
സനൽ മുറ്റത്ത് വീണതോടെ അഖിൽ വീടിനുള്ളിൽ കയറി കതകടച്ചു. പിറ്റേന്ന് രാവിലെ അഖിൽ പുറത്തിറങ്ങിയപ്പോഴും സനൽ മുറ്റത്ത് തന്നെ കിടക്കുകയായിരുന്നു.
ഉടൻ തന്നെ സനലിനെ വലിച്ചു തിണ്ണയിൽ കയറ്റിയശേഷം പോക്കറ്റിലുണ്ടായിരുന്ന 400 രൂപയുമായി അഖിൽ കടന്നുകളഞ്ഞു.
എട്ടിനു ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുവാണ് സനൽ പരിക്കേറ്റ വീണു കിടക്കുന്നതു കണ്ടത്. തുടർന്നു ഇയാളെ മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
തുടർന്നു സനൽ മരിച്ചു. പോസ്റ്റുമോർട്ടത്തിൽ തലയ്ക്കു പിന്നിലും നെഞ്ചിലുമേറ്റ ക്ഷതമാണു മരണകാരണമെന്നു വ്യക്തമാകുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിലിനെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിക്കുകയും ചെയ്തു.
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റിജോ പി. ജോസഫ്, എസ്ഐ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.