പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസുമായി ബന്ധപ്പെട്ടുയര്‍ന്ന നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യപ്രതിസ്ഥാനത്തുള്ള അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ശൂന്യം. എന്നാല്‍ ഇയാളുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.
പത്തനംതിട്ടയില്‍ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് 3.60 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അറസ്റ്റിലായ അഖില്‍ സജീവിനെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കി.
നിയമനക്കോഴ തട്ടിപ്പില്‍ തനിക്കു പങ്കില്ലെന്നും പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ അറിയില്ലെന്നും മന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫ്അംഗം അഖില്‍ മാത്യുവിന് ഇടപാടില്‍ പങ്കില്ലെന്നുമാണ് അഖില്‍ സജീവ് പോലീസിനോടു പറഞ്ഞത്.
മുമ്പ് ഇതേ വിഷയവുമായി ബന്ധപ്പെട്ട് അഖില്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് ചോദ്യം ചെയ്യലിലും മൊഴിയായി ലഭിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്പൈസസ് ബോര്‍ഡ് നിയമനത്തട്ടിപ്പില്‍ അഖിലിന് കൂട്ട് യുവമോര്‍ച്ച നേതാവ്
പത്തനംതിട്ട: ആയുഷ് നിയമനക്കോഴക്കേസില്‍ മുഖ്യപ്രതി സ്ഥാനത്തുള്ള അഖില്‍ സജീവ് സ്പൈസസ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ ഒപ്പം ചേര്‍ത്തത് യുവമോര്‍ച്ച നേതാവിനെ.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സ്പൈസസ് ബോര്‍ഡുമായി ബന്ധപ്പെട്ട നിയനമായതിനാലാണ് യുവ്മോര്ച്ച റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് ജൂഡോ രാജേഷിനെ ഒപ്പം ചേര്‍ത്തതെന്ന് കരുതുന്നു.
ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് കേസെടുത്തു. ഓമല്ലൂര്‍ സ്വദേശിക്കു നിയമന വാഗ്ദാനം നല്കി നാലുലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
അഖില്‍ സജീവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജൂഡോ രാജേഷിനെതിരേയും പോലീസ് കേസെടുത്തു. മലയാലപ്പുഴ സ്വദേശിയായ ഇയാളുടെ അക്കൗണ്ടിലൂടെയാണ് നാലു ലക്ഷം വാങ്ങിയതെന്നാണ് അഖിലിന്റെ മൊഴി.
ഇതിന് പുറമേ യുവമോര്ച്ചയുടെതന്നെ മറ്റൊരു നേതാവും സംശയനിഴലിലാണ്. ഇയാള്‍ പത്തനംതിട്ട പോലീസ് മുമ്പ് രജിസ്റ്റര്‍ ചെയ്ത ഒരു കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണ്.
അഖില്‍ സജീവിന് 2013 മുതല്‍ ഇതുവരെ പത്തനംതിട്ട സ്റ്റേഷനില്‍ ആറു കേസുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് സ്പൈസസ് ബോര്‍ഡ് നിയമന തട്ടിപ്പ്. ഈ സംഘം ഒരു കേന്ദ്രമന്ത്രിയുടെ പേരിലും തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നുണ്ട്.