തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറി പേടിസ്വപ്നമെന്ന് സംഘർഷത്തിൽ കുത്തേറ്റ അഖിൽ ചന്ദ്രൻ. ആക്രമിച്ച നസീമിന്റേയും ശിവരഞ്ജിത്തിന്റേയും ഭീഷണി തനിക്ക് നേരത്തെയും ഉണ്ടായിരുന്നു. തന്നെ ആക്രമിക്കാൻ തീരുമാനിച്ചത് എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി ചേർന്നാണ്.
യൂണിറ്റ് നേതാക്കളെ എതിർത്തതാണ് തന്നോട് വൈരാഗ്യം ഉണ്ടാവാൻ കാരണം. പ്രിൻസിപ്പലിനോ അധ്യാപകർക്കോ കോളജിൽ ഒരു റോളുമില്ല. പ്രതികളായവർ നേരത്തെ ഭീഷണിപ്പെടുത്തിയ കാര്യം പാർട്ടിയെ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട ശേഷം സിപിഎം സഹായിച്ചു.
ഓപ്പറേഷൻ അടക്കമുള്ള ചികിത്സാ ചിലവുകൾ പാർട്ടിയാണ് വഹിച്ചത്. കേസുമായി മുന്നോട്ടു പോകുന്നതിന് എല്ലാ സഹായവും നൽകാമെന്നും അറിയിച്ചിട്ടുണ്ടെന്നും അഖിൽ ചന്ദ്രൻ ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കുത്തേറ്റ് ചികിത്സയിലായിരുന്ന അഖിലിന്റെ ആദ്യ പ്രതികരണമാണ് ഇന്നു പുറത്തു വന്നത്.