ശ്രീജിത് കൃഷ്ണന്
സംഭവകഥകള്‍ സിനിമകളാകുന്നത് സ്വാഭാവികം. പക്ഷേ പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാതെ ഭാവനയില്‍ വിരിഞ്ഞ ഒരു മലയാള സിനിമാക്കഥ വലിയ വ്യത്യാസങ്ങളില്ലാതെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു സംസ്ഥാനത്ത് യഥാര്‍ഥ സംഭവമാവുകയെന്നത് അവിശ്വസനീയമായിരിക്കും.
യഥാര്‍ഥ ജീവിതത്തിലെ കഥാപാത്രങ്ങള്‍ ഇങ്ങനെയൊരു സിനിമയെപ്പറ്റി അറിഞ്ഞിട്ടുപോലും ഉണ്ടാവില്ലെന്നത് മറ്റൊരു കൗതുകം.
പറക്കും തളികയിൽ അങ്ങനെ;
ദിലീപിനെ നായകനാക്കി താഹ സംവിധാനം ചെയ്ത് 2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന കോമഡി എന്റര്ടെയ്നര് സിനിമ അധികമാരും മറന്നിട്ടുണ്ടാവില്ല.
അതില്‍ ബസ് മുതലാളിയുടെ തമാശരംഗങ്ങള്ക്കു ശേഷം കഥയുടെ വഴിത്തിരിവായെത്തുന്ന നിത്യാദാസ് അവതരിപ്പിച്ച നായികാ കഥാപാത്രത്തെയും.
സിനിമയില്‍ നിത്യാദാസ് അവതരിപ്പിച്ച ഗായത്രിയുടെ നാട് പോണ്ടിച്ചേരിയാണ്. ആര്.കെ.സന്താനം എന്ന രാഷ്ട്രീയനേതാവിന്റെ മകള്‍.
രാഷ്ട്രീയ തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെയും അമ്മയുടേയും സ്നേഹം നിഷേധിക്കപ്പെട്ട ഗായത്രി. അതിനിടയില്‍ അമ്മയുടെ ജീവന് നഷ്ടമായപ്പോള്‍ അടിച്ചേല്പിക്കപ്പെട്ട രാഷ്ട്രീയ ഉത്തരവാദിത്വങ്ങളില്‍ നിന്നും അച്ഛന്റെ രാഷ്ട്രീയ എതിരാളിയുടെ മകനുമായുള്ള വിവാഹത്തില്‍നിന്നും രക്ഷപ്പെടാനായി നാടോടിവേഷം കെട്ടുന്ന നായിക.
ആന്ധ്രയിൽ ഇങ്ങനെ
പക്കാ എന്റര്ടെയ്നര് ഫോര്‍മുലയില്‍ മലയാളത്തില്‍ അണിയിച്ചൊരുക്കിയ ഒരു സിനിമാക്കഥ ആരുമറിയാതെ അങ്ങ് ആന്ധ്രയില്‍ അദ്ഭുതകരമായ സാദൃശ്യത്തോടെ സത്യമായിത്തീര്‍ന്ന കഥയാണ് ഇനി പറയുന്നത്.
പറക്കുംതളികയിലെ ഗായത്രിയുടെ രാഷ്ട്രീയ ജീവിതം വര്‍ഷങ്ങള്‍ക്കുശേഷം സ്വയമറിയാതെ പകര്‍ന്നാടിയ അഖിലപ്രിയ എന്ന പെണ്‍കുട്ടിയുടെ കഥ.
രാഷ്ട്രീയനേതാവായ അമ്മയുടെ അകാലമരണവും അടിച്ചേല്പിക്കപ്പെട്ട സ്ഥാനാര്‍ഥിത്വവും അച്ഛന്റെ രാഷ്ട്രീയ എതിരാളിയുടെ മകനുമായുള്ള വിവാഹവുമെല്ലാം സിനിമ ഇറങ്ങി പത്തുവര്‍ഷത്തിലേറെ കഴിഞ്ഞശേഷം അഖിലയുടെ ജീവിതത്തില്‍ യഥാര്‍ഥത്തില്‍ സംഭവിച്ചു.
പിൽക്കാലത്ത് എംഎല്‍എയും മന്ത്രിയുമായിത്തീര്‍ന്ന അഖിലപ്രിയ ഇപ്പോള്‍ തെലുങ്ക്ദേശം പാര്‍ട്ടിയുടെ റായലസീമ മേഖലയിലെ ശക്തയായ നേതാവാണ്.
റായലസീമാ മേഖലയില്‍ ദശാബ്ദങ്ങളോളം നാട്ടുരാജാവിനെപ്പോലെ വാണ തെലുഗുദേശം നേതാവായിരുന്നു അഖിലയുടെ പിതാവ് ഭൂമാ നാഗിറെഡ്ഡി. പലവട്ടം എംപിയും എംഎല്‍എയുമായ നേതാവ്.
പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു 1996 ല്‍ നന്ദ്യാലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോള്‍ അന്ന് അലഗഡയിലെ എംഎല്‍എയായിരുന്ന നാഗിറെഡ്ഡിയായിരുന്നു തെലുഗുദേശം സ്ഥാനാര്‍ഥി.
ശക്തമായ മത്സരത്തില്‍ ജയിച്ചുകയറിയ റാവു പക്ഷേ ഒഡിഷയിലെ ബര്‍ഹാംപൂര്‍ മണ്ഡലം നിലനിര്‍ത്തുന്നതിനായി നന്ദ്യാല്‍ ഒഴിഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിയായ നാഗിറെഡ്ഡി നാലുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തറപറ്റിച്ച് ലോക്സഭയിലെത്തി. ഭാര്യ ശോഭയെ രാഷ്ട്രീയത്തിലിറക്കി അലഗഡ നിയമസഭാമണ്ഡലത്തില്‍ നിന്ന് എംഎല്‍എയുമാക്കി.
ദശാബ്ദങ്ങളായി റായലസീമയുടെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് ശക്തരായ ചില കുടുംബങ്ങളാണ്. ഭൂമ, ഗംഗുല, ശില്പ തുടങ്ങിയവരാണ് ഇതില്‍ മുഖ്യം.
ഇവര്‍ പലപ്പോഴും ചേരിവിട്ടു ചേരിമാറുന്നതാണ് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ നിര്‍ണയിക്കുന്നത്.
ഇതില്‍ കൂടുതലും തെലുങ്കുദേശത്തോട് ചേര്‍ന്നു നിന്നിട്ടുള്ള ഭൂമാ കുടുംബത്തിന്റെ നടുനായകനായിരുന്നു നാഗിറെഡ്ഡി.
2008 ല്‍ നടന് ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ആദ്യമായി തെലുങ്കുദേശം ബന്ധമുപേക്ഷിച്ച് നാഗിറെഡ്ഡിയും ശോഭയും പുതിയ പാര്‍ട്ടിയിലെത്തി.
2009 ലെ തെരഞ്ഞെടുപ്പില്‍ അലഗഡ്ഡയില് നിന്ന് പ്രജാരാജ്യം സ്ഥാനാര്‍ഥിയായി ശോഭ വീണ്ടും നിയമസഭയിലെത്തി.
പിന്നീട് പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ കോണ്‍ഗ്രസ് വിരോധം രക്തത്തിലലിഞ്ഞ ഭൂമാ കുടുംബം അതില്‍ ചേരാതെ ജഗന് മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസിലെത്തി.
അതിനകം മികച്ച എംഎല്‍എയും ശക്തയായ പ്രാസംഗികയുമായി വളര്‍ന്ന ശോഭാ നാഗിറെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന വക്താവായി.
ദേശീയമാധ്യമങ്ങളില്‍ പോലും ശ്രദ്ധേയയായി. പക്ഷേ അഖിലയ്ക്കും സഹോദരങ്ങളായ മൗനികയ്ക്കും ജഗത് വിഖ്യാതിനും രാഷ്ട്രീയ തിരക്കുകള്‍ക്കിടയില്‍ അച്ഛനെയും അമ്മയെയും ശരിക്കൊന്നു കാണാന്‍ പോലും കിട്ടാത്ത അവസ്ഥയായിരുന്നു.
വൈഎസ്ആര്‍ കുടുംബം കോണ്‍ഗ്രസിലായിരുന്ന കാലത്ത് എന്നും ശത്രുപക്ഷത്തായിരുന്നു ഭൂമാ കുടുംബം.
രാഷ്ട്രീയമായി കൈകോര്‍ത്തപ്പോള്‍ അതിനെ എന്നന്നേക്കും ഉറപ്പിച്ചുനിര്‍ത്താനായി കുടുംബബന്ധത്തിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു.
അതോടെ അന്ന് കഷ്ടിച്ച് 21 വയസ് പ്രായമുണ്ടായിരുന്ന അഖിലപ്രിയ ജഗന് മോഹന്റെ അമ്മാവന് രവീന്ദ്രനാഥ റെഡ്ഡിയുടെ മകന് രാമഞ്ജുളന്റെ വധുവായി.
2010 ല്‍ രാഷ്ട്രീയ- സിനിമാ രംഗങ്ങളിലെ പ്രമുഖരെല്ലാം പങ്കെടുത്ത് വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം.
എന്നാല്‍ രാഷ്ട്രീയം കൊണ്ട് ഏച്ചുകെട്ടിയ ബന്ധത്തില്‍ വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ പൊരുത്തക്കേടുകള്‍ പ്രത്യക്ഷപ്പെട്ടു.
പറക്കുംതളികയിലെ ഗായത്രിയെ പോലെ പഴയ എതിരാളികളുടെ രാഷ്ട്രീയവും ക്രിമിനലിസവും ഇടകലര്‍ന്ന കുടുംബബന്ധങ്ങളില്‍ കിടന്നു ശ്വാസംമുട്ടിയ അഖില വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങി. ഔപചാരികമായ വിവാഹമോചനത്തിനും അധികനാള്‍ വേണ്ടിവന്നില്ല.
2014 ഏപ്രില്‍ 24 നാണ് അഖിലയുടെ ജീവിതത്തെ വീണ്ടും മാറ്റിമറിച്ച ദുരന്തം സംഭവിച്ചത്. ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണം കഴിഞ്ഞ് രാത്രി വൈകി മടങ്ങുകയായിരുന്ന ശോഭാ നാഗിറെഡ്ഡിയുടെ വാഹനം ഹൈദരാബാദിനു സമീപം ഗുഗാഗുണ്ടം മെട്ടയില്‍ വെച്ച് കീഴ്മേല്‍ മറിഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട് എതിരാളികളുടെ പോലും ഇഷ്ടം പിടിച്ചുപറ്റിയ വനിതാ നേതാവ് നാല്പത്തഞ്ചാം വയസ്സില്‍ പൊലിഞ്ഞു.
രാഷ്ട്രീയത്തിലെ തിരക്കുകള്‍ക്കും കുടുംബബന്ധങ്ങളിലെ താളപ്പിഴകള്ക്കുമിടയില് എന്നെങ്കിലും ആശ്വാസമായി തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിച്ച അമ്മയുടെ സ്നേഹം എന്നന്നേക്കുമായി അഖിലയെ വിട്ടകന്നു.
അമ്മയുടെ വിയോഗം മൂലം മാറ്റിവെച്ച അലഗഡ്ഡയിലെ തെരഞ്ഞെടുപ്പ് വീണ്ടും വന്നപ്പോള്‍ ഒരു രാഷ്ട്രീയ കുടുംബത്തിന്റെ സ്ഥാപിത താത്പര്യങ്ങള്‍ മാറ്റിവെച്ച് മറ്റൊരാളെ സ്ഥാനാർഥിയാക്കാന്‍ നാഗിറെഡ്ഡി ഒരുക്കമല്ലായിരുന്നു.
മൂന്നു മക്കളില്‍ ആദ്യത്തേതായ അഖിലയ്ക്കു മാത്രമായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയായ 25 വയസ് കഷ്ടിച്ചു തികഞ്ഞിരുന്നത്.
അതുകൊണ്ടുതന്നെ അമ്മയുടെ ചിതയിലെ കനലുകളടങ്ങുന്നതിനുമുമ്പ് അഖിലയുടെ രാഷ്ട്രീയപ്രവേശവും സ്ഥാനാര്‍ത്ഥിത്വവും അച്ഛന് തന്നെ പ്രഖ്യാപിച്ചു.
വീണ്ടും പറക്കുംതളിക സിനിമയിലെ രംഗത്തിന്റെ ആവര്‍ത്തനം. അകാലത്തില്‍ നഷ്ടപ്പെട്ട അമ്മയോടുള്ള സഹതാപ തരംഗവും പുതുമുഖത്തിന്റെ തിളക്കവും രാഷ്ട്രീയപാരമ്പര്യത്തിന്റെ കരുത്തും ഒന്നിച്ചുചേര്‍ന്നപ്പോള്‍ അഖില ആന്ധ്രാ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
സിനിമയിൽ ഇല്ലാത്ത കഥ
സിനിമിലെ ഗായത്രിയെപ്പോലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടാതെ ധീരമായി പിടിച്ചുനിന്ന അഖിലപ്രിയ സ്വന്തമായൊരു രാഷ്ട്രീയ വിലാസം കെട്ടിപ്പടുക്കുന്നതാണ് പിന്നീട് കണ്ടത്. അതുകൊണ്ടുതന്നെ പിന്നീടുള്ളതെല്ലാം സിനിമയിലില്ലാത്ത കഥയാണ്.
വൈഎസ്ആര്‍ കുടുംബവുമായുള്ള വിവാഹബന്ധത്തിലെ തകര്‍ച്ചയ്ക്കു പിന്നാലെ 2016 ല്‍ നാഗിറെഡ്ഡിയും അഖിലയും തെലുഗുദേശത്തിലേക്ക് മടങ്ങി.
2017 മാര്‍ച്ച് 12 ന് തന്റെ അമ്പത്തിമൂന്നാം വയസ്സില്‍ ഹൃദയാഘാതം നാഗിറെഡ്ഡിയുടെ ജീവനും കവര്‍ന്നു. കഷ്ടിച്ച് ഒരു മാസത്തിനപ്പുറം ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ അച്ഛനായി കാത്തുവച്ചിരുന്ന മന്ത്രിസ്ഥാനം അഖിലപ്രിയയെ തേടിയെത്തി.
ടൂറിസം വകുപ്പാണ് ചന്ദ്രബാബു മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്ന അഖിലയ്ക്ക് ലഭിച്ചത്.
ചുരുങ്ങിയ കാലംകൊണ്ട് അച്ഛന്റെപാതയില്‍ ശക്തയായൊരു നേതാവായി ഉയര്‍ന്നുവരാന്‍ ബിബിഎം ബിരുദധാരിയായ അഖിലപ്രിയയ്ക്ക് കഴിഞ്ഞു.
2018 ല്‍ രാഷ്ട്രീയബന്ധങ്ങളില്ലാത്ത ഭാര്‍ഗവ റാം എന്ന ബിസിനസുകാരനുമായി വീണ്ടും വിവാഹവും നടന്നു.
2019 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെലുങ്കുദേശത്തിൻറെ രാഷ്ട്രീയ പരാജയത്തിനൊപ്പം സ്വന്തം മണ്ഡലത്തിലും തോല്‍വിയറിഞ്ഞെങ്കിലും റായലസീമയുടെ രാഷ്ട്രീയ ഭാഗധേയങ്ങള്‍ നിയന്ത്രിക്കാനുള്ള ആള്ക്കരുത്ത് ഇപ്പോള്‍ അഖിലയുടെ പിന്നിലുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അത് വീണ്ടും തെളിയിക്കപ്പെട്ടേക്കാം.