ന്യൂഡൽഹി: അച്ഛാ എന്ന വിളികേൾക്കാതെ കുഞ്ഞിക്കാല് കാണാൻ നിൽക്കാതെ അഖിലേഷ് കുമാർ മരണത്തിലേക്ക് ലാൻഡ് ചെയ്തു. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ക്യാപ്റ്റൻ അഖിലേഷ് കുമാർ ഇനിയും രണ്ടാഴ്ച കഴിഞ്ഞാൽ അച്ഛനാവും. 10-15 ദിവസത്തിനുള്ളിൽ അഖിലേഷിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകുമെന്ന് ബന്ധു ബസുദേവ് പറഞ്ഞു.
ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണ് 32 കാരനായ അഖിലേഷ്. രണ്ട് വർഷം മുമ്പാണ് അഖിലേഷ് വിവാഹിതനായത്. ഭാര്യ മീരയെ ഇതുവരെ അഖിലേഷിന്റെ മരണ വിവരം അറിയിച്ചിട്ടില്ല.
ലോക്ക്ഡൗൺ ആരംഭിക്കുന്നതിനു മുൻപാണ് അഖിലേഷ് വീട്ടിൽപോയത്. അതിനു ശേഷം വീട്ടിലേക്കുപോയിട്ടില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിൽ എത്താനിരിക്കെയാണ് ദുരന്തം സംഭവിച്ചത്.
കഠിനാധ്വാനിയും സ്ഥിരോൽസാഹിയുമായ, സാങ്കേതിക കാര്യങ്ങളിൽ നല്ല പരിജ്ഞാനമുണ്ടായിരുന്ന പൈലറ്റ് ആയിരുന്നു അഖേലേഷ് എന്ന് സഹപ്രവർത്തകർ പറയുന്നു.
മൂന്ന് മാസങ്ങൾക്കു മുൻപ് വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി, കരിപ്പൂരിൽ പ്രവാസികളുമായുള്ള ആദ്യവിമാനം ലാൻഡ് ചെയ്തപ്പോൾ അഖിലേഷ് കുമാർ ആയിരുന്നു ക്യാപ്റ്റൻ.