എൻഎം
മകനും എസ്പി നേതാവുമായ അഖിലേ ഷ് യാദവിനോട് മുലായം സിംഗ് യാദവ് അന്നേ പറഞ്ഞതാണ് മായാവതിയുമായി സഖ്യം വേണ്ടെന്ന്. പക്ഷേ അഖിലേഷ് കേട്ടില്ല. ഇപ്പോൾ എല്ലാ കാര്യവും അഖിലേഷിന് മനസിലായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് ഉഴുതുമറിക്കുമെന്നു പറഞ്ഞ് രംഗത്തുവന്ന എസ്പി-ബിഎസ്പി മഹാസഖ്യത്തിന് കാര്യമായ ചലനമൊന്നും ഉത്തർപ്രദേശിൽ ഉണ്ടാക്കാൻ കഴിയാതെ പോയതോടെ സഖ്യം വേർപിരിഞ്ഞിരിക്കുന്നു. ബിഎസ്പി അധ്യക്ഷ മായാവതിയാണ് സഖ്യം ആദ്യം വേർപെടുത്തിയത്.
2014ൽ ഉത്തർപ്രദേശിൽ ഒരു എംപിയെപ്പോലും സൃഷ്ടിക്കാൻ കഴിയാതെ പോയ മായാവതിക്ക് 2019ൽ മഹാസഖ്യത്തിലൂടെ പത്ത് എംപിമാരെ സൃഷ്ടിക്കാനായി എന്നത് അവരെ സംബന്ധിച്ച് നേട്ടമാണെങ്കിലും എസ്പിക്ക് കാര്യമായ പ്രയോജനം ഈ സഖ്യം വഴി ഉണ്ടായില്ലായെന്നതാണ് സത്യം. അഞ്ചു സീറ്റാണ് എസ്പിക്ക് ലഭിച്ചത്. മഹാസഖ്യം ആകെ നേടിയതാവട്ടെ 15സീറ്റും.
ബിജെപിക്ക് 62 സീറ്റുകൾ ലഭിച്ചപ്പോൾ. കോൺഗ്രസിനു ലഭിച്ചത് സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രം. അപ്നാദളിന് രണ്ടു സീറ്റും ലഭിച്ചു. എസ്പിയുമായുമായി സഖ്യം ചേർന്നില്ലായിരുന്നെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പിക്ക് ഒരു സീറ്റു പോലും നേടാൻ കഴിയില്ലായിരുന്നെന്ന് എസ്പി നേതാവ് ഹരി ഒാം യാദവ് പറയുന്നത് ഈ തിരിച്ചറിവിൽനിന്നാണ്.
മഹാസഖ്യം പ്രതീക്ഷിച്ചത്ര വിജയം കണ്ടില്ല. യാദവ വോട്ടുകൾ ബിഎസ്പിക്ക് ലഭിച്ചു. എന്നാൽ മായാവതിയുടെ പരന്പരാഗത വോട്ടുകൾ ബിജെപിക്കാണ് ലഭിച്ചത്. സഖ്യം രൂപീകരിച്ചിരുന്നില്ലെങ്കിൽ മായാവതി പൂജ്യം ആകുമായിരുന്നു. ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ എസ്പിക്ക് 25 സീറ്റ് നേടാൻ കഴിയുമായിരുന്നു. എന്നാൽ എസ്പിക്ക് സഖ്യം രൂപീകരിച്ചതോടെ വലിയ നഷ്ടമാണ് ഉണ്ടായതെന്നും ഹരിഓം യാദവ് പറയുന്നു.
അതേസമയം, ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന പതിനൊന്ന് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് മായാവതി വ്യക്തമാക്കുന്നത്. അഖിലേഷ് യാദവിന്റെ കുടുംബാംഗങ്ങൾക്കുപോലും യാദവ വോട്ടുകൾ ലഭിച്ചില്ല.
എസ്പിയോട് ഇടഞ്ഞു നിൽക്കുന്ന അഖിലേഷ് യാദവിന്റെ അമ്മാവൻ ശിവപാൽ യാദവും കോണ്ഗ്രസും യാദവ വോട്ടുകൾ ഭിന്നിപ്പിച്ചു. അഖിലേഷിന് സ്വന്തം കുടുംബത്തിൽ നിന്നു പോലും വോട്ടുകൾ ലഭിച്ചില്ലെന്നും മായാവതി ആരോപിച്ചു.