നിയാസ് മുസ്തഫ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയാവാൻ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് നീക്കം തുടങ്ങി. ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഉപേക്ഷിച്ച് മായാവതി നേതൃത്വം നൽകുന്ന ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ അഖിലേഷ് ദേശീയ തലത്തിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നേതൃത്വം നൽകുന്ന ഫെഡറൽ മുന്നണിയുടെ ഭാഗമാകാനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.
2019ൽ ബിജെപി അധികാരത്തിൽ വരരുത്, കോൺഗ്രസ് വലിയൊരു ശക്തിയായി മാറുകയും ചെയ്യ രുത്. എങ്കിൽ മാത്രമേ ദേശീയ രാഷ്ട്രീയത്തിൽ സമാജ് വാദി പാർട്ടിക്ക് നിർണായക ശക്തിയാകാൻ കഴിയൂ. ഈ തിരിച്ചറിവാണ് അഖിലേഷ് യാദവിനെ കോൺഗ്രസിനെ കൈ വിട്ട് കളം മാറ്റി ചവിട്ടാൻ പ്രേരിപ്പിച്ചിരിക്കുന്നത്.ഏറ്റവും കൂടുതൽ ലോക്സഭാ എംപിമാരെ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്.
ഉത്തർപ്രദേശ് ആരു നേടുന്നോ അവർക്കൊപ്പമായിരിക്കും കേന്ദ്ര ഭരണം എന്നൊരു ചൊല്ല് തന്നെ ദേശീയ രാഷ്ട്രീയത്തിലുണ്ട്. ഇതു മനസിലാക്കി ഉത്തർപ്രദേശിൽ നിർണായക ശക്തിയായാൽ ദേശീയ രാഷ്ട്രീയത്തിലും നിർണായക ശക്തിയാവാൻ കഴിയുമെന്ന് അഖിലേഷ് പ്രതീക്ഷിക്കുന്നു. കോൺഗ്രസിനെ കൂടെ കൂട്ടിയാൽ ഈ പ്രതീക്ഷ നടക്കുമോയെന്ന ആശങ്കയാണ് ഫെഡറൽ മുന്നണിയോടൊപ്പം നിൽക്കാൻ അഖിലേഷിനെ പ്രേരിപ്പിക്കുന്നത്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനെ കൈവിടുന്നുവെന്ന നിർണായക വെളിപ്പെടുത്തൽ അടുത്തിടെ അഖിലേഷ് യാദവ് നടത്തിയിരുന്നു. അടുത്തിടെ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സമാജ് വാദി പാർട്ടി കോണ്‍ഗ്രസിന് പിന്തുണ നൽകുന്നുണ്ട്. പക്ഷേ മന്ത്രിസഭയിൽ അംഗമല്ല. കോണ്‍ഗ്രസ് മന്ത്രിസ്ഥാനം ഇവർക്ക് നൽകിയതുമില്ല.
ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മന്ത്രി സ്ഥാനം നൽകാത്തതിൽ അഖിലേഷ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപി നേതൃത്വം നൽകുന്ന മുന്നണിയും വേണ്ട, കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയും വേണ്ടായെന്ന നിലപാട് എടുത്തതോടെ മറ്റു സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമം അഖിലേഷ് തുടരുകയാണ്. ഇതാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നേതൃത്വം നൽകുന്ന ഫെഡറൽ മുന്നണിക്കൊപ്പം നിൽക്കാന് അഖിലേഷ് ആഗ്രഹിക്കാൻ കാരണം.
അടുത്തിടെ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു ശേഷമാണ് ബിജെപിയേയും കോണ്‍ഗ്രസിനെയും ഒഴിവാക്കിക്കൊണ്ട് ഫെഡറൽ മുന്നണി രൂപീകരിക്കാൻ ടി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവു പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലേയും പ്രാദേശിക കക്ഷി നേതാക്കളുമായി ചന്ദ്രശേഖര റാവും ചർച്ച നടത്തി വരികയാണ്.
ഈ സാഹചര്യത്തിൽ അഖിലേഷിനെ കൂടെ കൂട്ടാനായാൽ അതു ഫെഡറൽ മുന്നണിക്കു വലിയ നേട്ടമാകും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഉടൻ തന്നെ അഖിലേഷ് -ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടക്കും. അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും ഒരു മന്ത്രിയെപ്പോലും ലഭിക്കാത്ത സാഹചര്യത്തിൽ ഫെഡറൽ മുന്നണിയുടെ ഭാഗമാകുന്നതിൽ തെറ്റില്ലെന്നാണ് അഖിലേഷിന്റെ പക്ഷം.