ലക്നോ: ഉത്തര്‍പ്രദേശിലെ രാഷ്ട്രീയത്തില്‍ അട്ടിമറി നീക്കങ്ങള്‍ തുടങ്ങി. ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി നെടുകെ പിളരുകയും മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ജനറല്‍ സെക്രട്ടറി രാം ഗോപാല്‍ യാദവിനെയും മുലായം സമാജ്വാദി പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്കു പുറത്താക്കുകയും ചെയ്തതോടെ രാജ്യം യുപിയിലേക്ക് ഉറ്റു നോക്കുകയാണ്.
അച്ഛനും മകനും തമ്മിലുള്ള യുദ്ധത്തില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വഴിയൊരുങ്ങി. ഒന്നാമത്തെ സാധ്യത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും കൈ കോര്ക്കുമെന്നതാണ്. ബിജെപിയുമായി മുലായം സിംഗ് യാദവ് കൂട്ടുകൂടാനുള്ള സാധ്യതയും വര്‍ധിച്ചു. മുലായത്തിന്റെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങള്‍ ബിജെപി വാഗ്ദാനം ചെയ്യുമെന്നും പ്രമുഖ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മുലായവുമായി ബിജെപി കൂട്ടു ചേര്‍ന്നാലും രാഹുല്‍-അഖിലേഷ് യാദവ് കൂട്ടുക്കെട്ടിനെ മറികടക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
ഇന്നത്തെ സ്ഥിതിയില്‍ അച്ഛന് യാദവിനേക്കാള്‍ ജനപിന്തുണയില്‍ മകന് യാദവ് ഏറെ മുന്നിലാണ്. രാഹുലിന്റെ പിന്തണകൂടിയുണ്ടെങ്കില് വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ അഖിലേഷ് അധികാരത്തിലെത്തും. ഇത്തരമൊരു കൂട്ടുകെട്ട് കോണ്‍ഗ്രസിനു താത്പര്യമാണ്. ബിജെപിയെ പിടിച്ചുകെട്ടാന്‍ ഏതു സഖ്യത്തിനും കോണ്‍ഗ്രസ് വഴങ്ങുമെന്നതാണ് സ്ഥിതി. രാഹുലും അഖിലേഷുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് അഖിലേഷിന്റെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. ഇന്നലെ രാത്രി തന്നെ അഖിലേഷിനു പിന്തുണയുമായി യുവാക്കളുടെ സംഘങ്ങള്‍ തെരുവിലിറങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന യുപി അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്തു സംഭവിക്കുമെന്ന് അറിയാന്‍ രാജ്യം കാത്തിരിക്കുകയാണ്. ജനുവരി നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. അസംബ്ലി തെരഞ്ഞെടുപ്പിലും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും അഖിലേഷ്-രാഹുല്‍ കൂട്ടുകെട്ട് വന്‍ മുന്നേറ്റം നടത്തുമെന്നാണ് കരുതേണ്ടത്.
അഖിലേഷ് യാദവും സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവും തമ്മില്‍ നാളുകളായി നിലനില്‍ക്കുന്ന അധികാരത്തര്‍ക്കത്തിനൊപ്പം സ്ഥാനാര്‍ഥിനിര്‍ണയത്തിലെ അതൃപ്തിയുമാണു പാര്‍ട്ടിയെ രണ്ടു കഷണമാക്കിയത്. ബുധനാഴ്ച മുലായം പരസ്യമാക്കിയ സ്ഥാനാര്‍ഥിപ്പട്ടികയില്‍ അതൃപ്തനായ മുഖ്യമന്ത്രി പിറ്റേന്നു സമാന്തര സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് നേതൃത്വത്തെ വെല്ലുവിളിച്ചു. ഇതോടെ ഐക്യശ്രമങ്ങളെല്ലാം തകര്‍ന്നടിയുകയും ചെയ്തു. ഇരുനേതാക്കളും പ്രഖ്യാപിച്ച പട്ടികയില്‍ 170 ലേറെ നേതാക്കള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവരുടെ നിലപാടാകും ഇരുപക്ഷത്തിനും നിര്‍ണായകമാകുക.
ഇന്നലെ വൈകുന്നേരത്തോടെയാണ് അഖിലേഷ് യാദവിനെയും രാംഗോപാല്‍ യാദവിനെയും ആറു വര്‍ഷത്തേക്കു പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി മുലായം പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതിനാണു നടപടി. ഉച്ചയോടെ ഇരുനേതാക്കള്‍ക്കും മുലായം കാരണംകാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. “ഞാനാണു അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയത്. അയാള്‍ ഇപ്പോള്‍ എന്നെ സമീപിക്കുന്നുപോലുമില്ല’’-പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മുലായം പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പകരക്കാരനെ പ്രഖ്യാപിക്കാനും അദ്ദേഹം സന്നദ്ധനായില്ല. ഏതുനിമിഷവും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാനിരിക്കേയാണു ഭരണകക്ഷിയിലെ സംഭവവികാസങ്ങള്‍. 2019ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായുള്ള സെമിഫൈനലായാണു യുപി നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ഭരണകക്ഷിയിലെ ഭിന്നത മുതലെടുക്കാനുള്ള ശ്രമത്തിലാണു ബിജെപിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയും.