ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി ഒരു ചുവടുകൂടി വയ്ക്കുന്നു. ഭീം ആർമി സ്ഥാപകൻ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി കൈകോർക്കാനാണ് എസ്പി ഒരുങ്ങുന്നത്.
ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. ശനിയാഴ്ച ഉച്ചക്ക് 12. 30 ന് രണ്ട് പാർട്ടിയുടെ നേതാക്കളും സംയുക്ത വാർത്താ സമ്മേളനം നടത്തിയാണ് പ്രഖ്യാപനം നടത്തുക.
സമാജ്വാദി പാർട്ടി നിലവിൽ എസ്ബിഎസ്പി, എൻസിപി, ആർഎൽഡി, ജാൻവാദി പാർട്ടി (സോഷ്യലിസ്റ്റ്), അപ്നാ ദൾ, പിഎസ്പി-, മഹാൻ ദൾ തുടങ്ങിയ ചെറുപാർട്ടികളുമായി സഖ്യത്തിലാണ്.
ആസാദ് സമാജ് പാർട്ടിയുമായി കൈകോർക്കുന്നതിലൂടെ ബിഎസ്പിയുടെ ദളിത് വോട്ടകൾ പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എസ്പി.
ഫെബ്രുവരി 10 നും മാർച്ച് ഏഴിനും ഇടയിൽ ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.