പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്ദാനം ചെയ്തു മലപ്പുറം സ്വദേശിയില്‍നിന്നു പണം വാങ്ങുന്നതില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അഖില്‍ സജീവ് ഒളിവിലെന്നു പോലീസ്.
ഇയാൾക്കെതിരേ മുമ്പും തട്ടിപ്പുകേസുകള്‍ ഉണ്ടായിരുന്നു. സിഐടിയു ജില്ലാ കമ്മിറ്റിയുടെ 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പോലീസ് അഖിലിനെ അന്വേഷിച്ചുവരുന്നതിനിടെയാണ് പുതിയ ആരോപണം.
സിഐടിയു ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ അവിടെനിന്ന് നേതാക്കളുടെ കള്ളയൊപ്പിട്ട് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണു കേസ്.
മറ്റ് നിരവധി സ്ഥലങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിക്കും ഇയാളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
സിഐടിയു ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവേ സിഐടിയു ജില്ലാ കമ്മിറ്റിയുടെ പേരില്‍ കേരള ബാങ്കില്‍ ഉണ്ടായിരുന്ന 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അഖിലിനെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. ജില്ലാ സെക്രട്ടറി, ട്രഷറർ എന്നിവരുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
സിഐടിയു ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ. അജയകുമാറാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. സെക്രട്ടറി പി.ജെ. അജയകുമാര്‍, ട്രഷറർ ആര്. സനല്‍കുമാര്‍ എന്നിവരുടെ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖില്‍ പിന്‍വലിക്കുകയായിരുന്നു. ഇതിനുപുറമെ സംസ്ഥാന കമ്മിറ്റിക്ക് കൈമാറാന്‍ എല്പിച്ച 1,40,000 രൂപയും അഖില്‍ തട്ടിയെടുത്തിരുന്നു.
പണമിടപാട് നടത്തിയിരുന്ന ചിലര്‍ക്ക് ഇയാള്‍ അക്കൗണ്ടിന്റെ ചെക്ക് വ്യാജ ഒപ്പിട്ട് നല്കി. ബാങ്കില്‍ സമര്‍പ്പിച്ചപ്പോള്‍ മടങ്ങിയതോടെ ആളുകള്‍ പരാതിയുമായി എത്തി.
വിവരമറിഞ്ഞ നേതാക്കള്‍ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്. രണ്ടുവര്‍ഷം മുന്‍പ് സിഐടിയുവില്‍ നിന്ന് ഇയാളെ പുറത്താക്കിയതാണെന്ന് ജില്ലാ സെക്രട്ടറി പി.ബി. ഹര്‍ഷകുമാര്‍ പറഞ്ഞു. സിപിഎം വള്ളിക്കോട് ബ്രാഞ്ച് അംഗമായിരുന്നു. പാര്‍ട്ടിയും നടപടിയെടുത്തു.
ടൈറ്റാനിയത്തിലും ടൂറിസം വകുപ്പിലും ജോലിവാങ്ങി നല്‍കാമെന്ന് പറഞ്ഞ് അഖില്‍ തട്ടിപ്പ് നടത്തിയതായും അദ്ദേഹം പറഞ്ഞു.