പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലിൽ കുട്ടികൾ ചേർന്ന് സമപ്രായക്കാരനെ കൊലപ്പെടുത്തിയ സംഭവം കരുതിക്കൂട്ടി നടത്തിയതല്ലെന്നു പോലീസ്.
സിനിമകളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ കുട്ടികൾ കണ്ടിട്ടുള്ള പല ദൃശ്യങ്ങളും ഇവരുടെ മനസിനെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യം തങ്ങൾക്കില്ലായിരുന്നെന്നാണ് കുട്ടികൾ പറഞ്ഞ മൊഴി. മരിച്ച അഖിലിനൊപ്പമാണ് മറ്റു രണ്ടു കുട്ടികളും ഒന്‍പതാംക്ലാസുവരെ പഠിച്ചത്.
സ്കൂളുകൾ മാറിയെങ്കിലും അഖിലുമായുള്ള സുഹൃദ് ബന്ധം തുടർന്നിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് കുട്ടികൾ രണ്ടുപേർ അഖിലിന്റെ വീട്ടിലെത്തിയത്.
സുഹൃത്തുക്കളായ ഇവർ സൈക്കിളിലാണ് എത്തിയത്. അഖിൽ സൈക്കിളുമെടുത്ത് ഇവർക്കൊപ്പം പോയി. ഇവർ നേരെ പോയത് അങ്ങാടിക്കൽ സ്കൂൾ ഭാഗത്തേക്കാണ്.
കുട്ടികൾ തമ്മിൽ പല ഇടപാടുകളും ഉണ്ടായിരുന്നു. സുഹൃത്തുക്കളിൽ ഒരാളുടെ റോളർ സ്കേറ്റിംഗ് ഷൂസ് അഖിൽ ഉപയോഗിച്ചിരുന്നു. ഇതിനു പകരമായി ഒരു മൊബൈൽ ഫോണ്‍ നൽകാമെന്ന് അഖിൽ വാഗ്ദാനം ചെയ്തിരുന്നതായി പറയുന്നു.
മൊബൈലിൽ പരസ്പരം ബന്ധപ്പെടുകയും ചാറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ ഇടപെടുകയും ചെയ്തിരുന്ന കുട്ടികൾ ഒന്നിച്ചിരുന്ന് മൊബൈൽ ഗെയിമും കളിച്ചിരുന്നു. ഇതിനിടെ സമൂഹമാധ്യമത്തിലൂടെ കളിയാക്കിയെന്ന പേരിൽ ഇവർ തമ്മിൽ വഴക്കുണ്ടായതായി പറയുന്നു.
നേരത്തെ വാഗ്ദാനം ചെയ്തിരുന്ന മൊബൈൽ ഫോണ്‍ നൽകാത്തതിന്റെ പേരിലും അഖിലിനോട് മറ്റു രണ്ടുപേരും വഴക്കുണ്ടാക്കി. സുഹൃത്തിനെ തള്ളിയശേഷം അഖിൽ ഓടിപ്പോയതായി പറയുന്നു. ഇതേത്തുടർന്നാണ് അഖിലിനെ കല്ലെറിഞ്ഞത്.
കല്ലേറിൽ താഴെവീണ അഖിലിനു ബോധം നഷ്ടപ്പെട്ടു. ഇതോടെ കുട്ടികൾ രണ്ടുപേരും സ്ഥലത്തുനിന്നു മാറിനിൽക്കുകയും സമീപത്തെ കുളത്തിൽ പോയി കുളിക്കുകയും ചെയ്തു.
പിന്നീട് മടങ്ങിവന്നു നോക്കിയപ്പോഴും അഖിൽ എഴുന്നേറ്റിരുന്നില്ല. തുടർന്ന് അഖിൽ മരിച്ചിരിക്കാമെന്ന് ഇവർ സംശയിച്ചു. ഇതേത്തുടർന്നാണ് സമീപത്തെ വീട്ടിൽനിന്ന് മഴുവും കത്തിയും എടുത്തുകൊണ്ടുവന്നത്.
മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയായിരുന്നു. മുറിവേൽപിച്ച് മൃതദേഹം മറവു ചെയ്താൽ വേഗം അഴുകുമെന്ന ധാരണ ഇവർക്കുണ്ടായിരുന്നു.
സമീപത്തു തന്നെയുണ്ടായിരുന്ന ചെറിയ കുഴിയിലേക്ക് മൃതദേഹം വലിച്ചുകൊണ്ടുപോയി തള്ളുകയും മണ്ണിട്ട് മൂടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സക്കീർ ഹുസൈൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസ് തുടങ്ങിയവരും കുട്ടികളിൽനിന്നു മൊഴിയെടുത്തു.