പത്തനംതിട്ട: കൊടുമണ്‍ അങ്ങാടിക്കലിൽ പതിനാറുകാരനെ എറിഞ്ഞുവീഴ്ത്തി വെട്ടിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ രണ്ടു കുട്ടികളെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുന്‍പാകെ ഹാജരാക്കി.
കൊടുമണ്‍ അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് – മിനി ദന്പതികളുടെ മകൻ പത്താം ക്ലാസ് വിദ്യാർഥി അഖിലാണ് (16) ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ഒന്‍പതാം ക്ലാസ് വരെ ഒപ്പം പഠിച്ച അങ്ങാടിക്കൽ വടക്ക് സ്വദേശിയും കൊടുമണ്‍ മണിമലമുക്ക് സ്വദേശിയുമാണ് അറസ്റ്റിലായത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുത്തു. കൊലപാതകത്തിനുപയോഗിച്ച കല്ല്, മഴു, കത്തി എന്നിവ സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തു.
ഇതിനിടെ, പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ടു മൃതദേഹം മാന്തിയെടുപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടു ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ വിശദീകരണം തേടി.
ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുകയോ കുട്ടികളെ തിരിച്ചറിയുന്ന തരത്തിൽ പ്രചാരണം നടത്തുകയോ ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നു പത്തനംതിട്ട ജില്ലാ കളക്ടറും അറിയിച്ചു.
സിഡബ്ല്യുസി ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ എന്നിവരും സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. **