അമ്മാൻ: ‘ആടുജീവിതം’ എന്ന മലയാളസിനിമയിൽ അഭിനയിച്ചതിൽ ഖേദിക്കുന്നുവെന്നും സൗദി അറേബ്യൻ ജനതയോടു മാപ്പ് ചോദിക്കുന്നുവെന്നും ജോർദാനിയൻ നടൻ ആകിഫ് നജം.
സൗദി അറേബ്യയെയും അവിടത്തെ അന്തസുറ്റ ജനങ്ങളെയും മികച്ച അവസ്ഥയില്‍ കാണിക്കാനുള്ള ആഗ്രഹത്താലാണു സിനിമയിൽ അഭിനയിച്ചതെന്നും എന്നാൽ സിനിമ പുറത്തുവന്നതോടെയാണ് യഥാർഥ കഥ അറിഞ്ഞതെന്നും താരം സമൂഹമാധ്യമത്തിൽ കുറിച്ചു.
‘ആടുജീവിത’ത്തിൽ പണക്കാരനായ അറബിയായാണ് ആകിഫ് അഭിനയിച്ചത്. സൗദികളുടെ ധീരതയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന കഥാപാത്രമായതിനാലാണ് ആ വേഷം ചെയ്യാന്‍ താന്‍ സമ്മതിച്ചതെന്നും തിരക്കഥ പൂര്‍ണമായും വായിച്ചിരുന്നില്ലെന്നും താരം വെളിപ്പെടുത്തി. മറ്റുള്ളവരെപ്പോലെ സിനിമ കണ്ടപ്പോഴാണു സിനിമയിലെ സൗദിവിരുദ്ധത മനസിലായത്.
സിനിമയുടെ കഥയുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ഒരു സാഹചര്യത്തിലും അഭിനയിക്കുമായിരുന്നില്ലെന്നും ആകിഫ് നജം പറഞ്ഞു.
ജോര്‍ദാന്‍ ജനതയ്ക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുണ്ട്. ‘ആടുജീവിത’ത്തില്‍ വേഷമിട്ടതിന് സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും ആകിഫ് നജം പറഞ്ഞു.
‘ആടുജീവിത’ത്തിലെ വില്ലനായ അറബിയുടെ വേഷത്തിൽ അഭിനയിച്ചതിന് ഒമാൻ നടൻ താലിബ് അൽ ബലൂഷിക്ക് സൗദി അറേബ്യ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വാർത്തയുണ്ടായിരുന്നെങ്കിലും അദ്ദേഹം അതു നിഷേധിച്ചിരുന്നു.