നിയാസ് മുസ്തഫ
പ്രിയങ്ക ഗാന്ധിയുടെ കടന്നുവരവ് ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിനും തലവേദനയാകുന്നു. കോൺഗ്രസിനെ കൂട്ടാതെ സഖ്യമുണ്ടാക്കി ഞെട്ടിച്ചപ്പോൾ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവോ ബിഎസ്പി നേതാവ് മായാവതിയോ രാഹുൽ ഗാന്ധി ഇതുപോലൊരു പണി തിരികെ തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.
കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയും എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും നൽകി പ്രിയങ്ക ഗാന്ധിയെ യുപി പിടിക്കാൻ രാഹുൽ നിയോഗിച്ചപ്പോൾ ബിജെപിക്കു മാത്രമല്ല, എസ്പി-ബിഎസ്പി സഖ്യത്തിനും ഭീഷണിയായിരിക്കുകയാണ്. കേന്ദ്രത്തിൽ തൂക്കു മന്ത്രിസഭ വരുമെന്നും കോൺഗ്രസിനെ കൂട്ടാതെ യുപിയിൽ മേൽക്കൈ നേടി വരാനിരിക്കുന്ന കേന്ദ്ര സർക്കാരിൽ സ്വാധീന ശക്തിയാകാമെന്നുമുള്ള സ്വപ്നം അഖിലേഷിനും മായാവതിക്കും ഇപ്പോഴില്ലായെന്നതാണ് വസ്തുത.
കാരണം പ്രിയങ്കയുടെ വരവ് ഉത്തർപ്രദേശിലെ പഴയ കോൺഗ്രസ് വോട്ടുബാങ്കുകളെയൊക്കെ ഉണർത്തിയിട്ടുണ്ട്. ഇതിന്റെ സൂചന മായാവതിയുടെയും അഖിലേഷിന്റെയും വാക്കുകളിലുണ്ട്. കോൺഗ്രസിനോട് മൃദു സമീപനമാണ് അഖിലേഷ് യാദവിനുള്ളത്. എന്നാൽ മായാവതി അങ്ങനെയല്ല, വളരെ മൂർച്ചയുള്ള വാക്കുകൾ ഉപയോഗിച്ചാണ് മായാവതിയുടെ വിമർശനം.
ഏറ്റവുമൊടുവിൽ രാഹുൽഗാന്ധിയുടെ എല്ലാ ദരിദ്രർക്കും മിനിമം വേതനമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ അതിശക്തമായിട്ടാണ് മായാവതി വിമർശിച്ചിരിക്കുന്നത്. മോദി സർക്കാരിന്റെ പൊള്ളയായ വാഗ്ദാനം പോലെയാണ് രാഹുലിന്റേതെന്നും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് കോൺഗ്രസും ബിജെപിയുമെന്നും മായാവതി വിമർശിക്കുന്നു.
അധികാരത്തിലുള്ള രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുകയാണ് കോണ്ഗ്രസ് ചെയ്യേണ്ടത്. അപ്പോൾ മാത്രമേ രാജ്യത്തിന് അവരുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ വിശ്വാസം വരൂ. ജനങ്ങൾക്കിടയിൽ സംശയവും ആശ്ചര്യവും വളർത്താൻ മാത്രമേ രാഹുൽ ഗാന്ധിയുടെ മിനിമം വേതന പ്രഖ്യാപനം സഹായിച്ചിട്ടുള്ളൂവെന്നും മായാവതി പറയുന്നു.
അതേസമയം, കോൺഗ്രസിനെ അഖിലേഷ് യാദവ് ശക്തമായി വിമർശിക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. കോണ്ഗ്രസിന്റെ പോരാട്ടം ബിജെപിക്കെതിരെയാണെങ്കിൽ യുപിയിൽ എസ്പി-ബി എസ്പി സഖ്യത്തെ പിന്തുണയ്ക്കുകയാണു വേണ്ടതെന്നാണ് അഖിലേഷ് യാദവിന്റെ പക്ഷം. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കോണ്ഗ്രസിന്റെ സമർഥമായ കരുനീക്കമായി കരുതുന്നുവോ എന്നു ചോദിച്ചപ്പോഴായിരുന്നു എസ്പി അധ്യക്ഷന്റെ പ്രതികരണം.
പ്രിയങ്കയുടെ വരവിനെ അഖിലേഷ് സ്വാഗതം ചെയ്യുന്നുമുണ്ട്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ പ്രിയങ്കയുടെ ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണ്. രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കുന്നു എന്ന സൂചനയും അഖിലേഷ് നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ കോൺഗ്രസ് അഖിലേഷ് യാദവിനോട് ശത്രുതാ മനോഭാവം കാട്ടുന്നില്ല.
പക്ഷേ മായാവതിയുടെ കാര്യത്തിൽ അങ്ങനെയല്ല. സഖ്യത്തിന്റെ ഭാഗമായി ബിഎസ്പി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ബി എസ്പിയുടെ അടിവേരിളക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ബിഎസ്പിക്ക് മേൽക്കൈയുള്ള 29 മണ്ഡലങ്ങളിൽ എസ്പി വോട്ടുകൾ ബിഎസ്പിക്കു ലഭിക്കില്ലായെന്നാണ് വരുന്ന സൂചനകൾ. ഇവിടെ എസ്പിയുടെ വോട്ടുകൾ കോൺഗ്രസിന് മറിയുമെന്നും പ്രിയങ്കയുടെ സ്വാധീനം എസ്പി വോട്ടുബാങ്കിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു.
എസ്പിയുമായി സഖ്യത്തിലാണെങ്കിലും ബിഎസ്പിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കാൻ എസ്പി ആഗ്രഹിക്കുന്നില്ല. കാരണം മായാവതി ശക്തയാകുമെന്നതു തന്നെ. ബിഎസ്പിക്ക് സീറ്റ് കുറഞ്ഞാൽ മായാവതിയുടെ ശക്തി ക്ഷയിക്കും. ഇതു മനസിലാക്കി എസ്പി വോട്ടുകൾ കോൺഗ്രസിന് വീഴുമെന്നും പ്രതീക്ഷിക്കുന്നു.
ബിഎസ്പിക്ക് അനുവദിക്കുന്ന മണ്ഡലങ്ങളിൽ ബിഎസ്പി സ്ഥാനാർഥികൾ തോൽക്കുമെന്ന ഘട്ടം വന്നാൽ ബിജെപി ജയിക്കാതിരിക്കാൻ കോൺഗ്രസിനെ അത്തരം മണ്ഡലങ്ങളിൽ പിന്തുണയ്ക്കണമെന്ന് അഖിലേഷ് യാദവ് പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയതായിട്ടാണ് വിവരം.
അതേസമയം, മായാവതിയുമായുള്ള കൂട്ടുകെട്ടിൽ കരുതലോടെയാണ് അഖിലേഷും മുന്നോട്ടുപോകുന്നത്. മായാവതിയുടെ വലയിൽ വീണുപോകരുതെന്ന് മുലായം സിംഗ് അഖിലേഷിനോട് സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യം കഴിഞ്ഞാൽ അവർ എസ്പിയെ ഒഴിവാക്കുമെന്നാണ് മുലായത്തിന്റെ മുന്നറിയിപ്പ്. ദളിത്, മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ട് പ്രിയങ്ക നടത്തുന്ന നീക്കങ്ങളിൽ മായാവതി അസ്വസ്ഥയുമാണ്.