നിയാസ് മുസ്തഫ
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വീണ്ടും ഹർദിക് പട്ടേൽ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരി ക്കുമെന്ന് പട്ടേൽ സമുദായ നേതാവ് ഹർദിക് മാസങ്ങൾക്കു മുന്പേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപ നത്തിൽ ഇപ്പോഴും ഹർദിക് ഉറച്ചുനിൽക്കുന്നുണ്ടോയെന്ന സംശയം പ്രതിപക്ഷ ക ക്ഷികൾക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷത്തിന്റെ സംശയം അസ്ഥാനത്താക്കി മത്സര സന്നദ്ധത ഹർദിക് വീണ്ടും വ്യക്തമാ ക്കിയിരിക്കുകയാണ്.
ബിജെപിയെ അധികാരത്തിൽനിന്ന് താഴെ ഇറക്കാൻ പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ഹർദിക് പട്ടേൽ വ്യക്തമാക്കി. ഇന്നലെ ലക്നോവിലെ സമാജ് വാദി പാർട്ടി ഒാഫീസിലെത്തിയ ഹർദിക് പട്ടേൽ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയത് യുപി രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ഒരുമിച്ച് പത്രസമ്മേളനം നടത്തുകയും ചെയ്തു. ഇതോടെ യുപിയിലെ വിവിഐപി മണ്ഡലമായ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഹർദിക് പട്ടേൽ ജനവിധി തേടുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.
ബിഎസ്പി-എസ്പി സഖ്യത്തിന്റെ സീറ്റു വിഭജനം ഇന്നലെ പൂർത്തിയായി. ബിഎസ്പി 38 സീറ്റിലും എസ്പി 37 സീറ്റിലും മത്സരിക്കുമെന്നാണ് പ്രഖ്യാപനം. മൂന്നു സീറ്റുകൾ രാഷ്ട്രീയ ലോക്ദളിന് നൽകി. രണ്ടു സീറ്റ് ഒഴിച്ചിട്ടു. യുപിയിൽ ആകെ 80 ലോക്സഭാ സീറ്റാണുള്ളത്.
എസ്പിക്ക് അനുവദിച്ച സീറ്റുകളിൽ ഉൾപ്പെട്ടതാണ് വാരാണസി. അതുകൊണ്ടു തന്നെ ഹർദിക് പട്ടേൽ എസ്പി പിന്തുണയോടെ ഇവിടെ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ അമേത്തിയും റായ്ബറേലിയും ഒഴിച്ചിട്ടാണ് ബിഎസ്പി-എസ്പി സഖ്യം സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയത്.
അമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസിന് ഭീഷണി ഉയർത്താൻ ബിഎസ്പി-എസ്പി സഖ്യം ആഗ്രഹിക്കുന്നില്ല. ഇതിനുള്ള പ്രത്യുപകാരമായി വാരാണസിയിൽ എസ്പി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹർദിക് പട്ടേലിനെതിരേ സ്ഥാനാർഥിയെ കോൺഗ്രസ് നിർത്താൻ സാധ്യതയില്ല.
2014ൽ 3,71,784 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെ നരേന്ദ്രമോദി വാരാണ സിയിൽ പരാജയപ്പെടുത്തിയത്. എന്നാൽ, ബിഎസ്പി-എസ്പി സീറ്റ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് സമാജ് വാദി പാർട്ടിയുടെ സ്ഥാപകനും അഖിലേഷ് യാദവിന്റെ പിതാവുമായ മുലായം സിംഗ് യാദവ് രംഗത്തെത്തിയത് അഖിലേഷിനു തലവേദനയായി.
ബിഎസ്പിക്ക് കൂടുതൽ സീറ്റ് നൽകിയത് ശരിയായില്ലെന്നാണ് മുലായത്തിന്റെ നിലപാട്. ബി എസ്പിക്ക് കൂടുതൽ സീറ്റ് നൽകുക വഴി എസ്പിക്ക് ശക്തി കുറവാണെന്ന സന്ദേശം നൽകിയെന്നാണ് മുലായത്തിന്റെ പരാതി. നേരത്തെ 16-ാം ലോക്സഭയുടെ അവസാന സമ്മേളനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുലായം രംഗത്തു വന്നിരുന്നു.
പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുലായം പറഞ്ഞത് വിവാദമായിരുന്നു. സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള കാര്യങ്ങൾ വരുന്പോൾ മുലായം വീണ്ടും ഇടപെടാനുള്ള സാധ്യത കാണുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതൽ അഖിലേഷും മുലായവും അത്ര രസത്തിലല്ല.
അതേസമയം, എൻഡിഎ മുന്നണിയുടെ ഭാഗമായ അപ്നാദൾ ഉത്തർപ്രദേശിൽ തനിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുന്നു. ഇത് ബിജെപിക്ക് കൂടുതൽ ക്ഷീണം ചെയ്യും. ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമായി നിൽക്കുമെങ്കിലും യുപിയിൽ തനിച്ചു മത്സരിക്കുമെന്നാണ് അപ്നാദളിന്റെ പ്രഖ്യാപനം. ഉത്തർപ്രദേശിൽ സഖ്യകക്ഷിയായ അപ്നാദളിനെ ബിജെപി നേതൃത്വം തഴയുന്നതിൽ പ്രതിഷേധിച്ചാണ് മുന്നണി വിട്ടത്.
2014ൽ ബിജെപിക്ക് 71 സീറ്റ്, സമാജ് വാദി പാർട്ടിക്ക് അഞ്ചു സീറ്റ്, കോൺഗ്രസിന് രണ്ടു സീറ്റ്, അപ്നാദളിന് രണ്ടു സീറ്റ് എന്നിങ്ങനെയായിരുന്നു വിജയം. മായാവതിയുടെ ബിഎസ്പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല.