പത്തനംതിട്ട: ഇൻസ്റ്റഗ്രാമിൽ കൂടി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതിൽ വീട്ടിൽ വിശ്വനാഥൻ ആചാരിയുടെ മകൻ വി. അഖിലാണ് (23) ഏനാത്ത് പോലീസിന്റെ പിടിയിലായത്.
ഫോണിലൂടെ നിരന്തരം സംസാരിക്കുകയും, പിന്നീട് വീട്ടിൽ അതിക്രമിച്ചു കയറിയും, ബൈക്കിൽ കയറ്റിക്കൊണ്ടുപോയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തതായാണ് പരാതി.
ആറുമാസം മുന്‍പാണ് പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്.
തുടർന്ന് ഇൻസ്റ്റഗ്രാമിലും ഫോണ്‍ മുഖേനയും പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം, നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ആവശ്യം നിരസിച്ചപ്പോൾ ഒപ്പം ചെന്നില്ലെങ്കിൽ വീട്ടിൽ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
കഴിഞ്ഞ മേയിൽ ഒരുദിവസം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയശേഷം,
ഒരുമിച്ചുള്ള ഫോട്ടോകൾ പെണ്‍കുട്ടിയുടെ ഫോണിൽ അനുജത്തിയെക്കൊണ്ട് എടുപ്പിച്ച് അതിക്രമം കാട്ടിയെന്നാണ് പരാതി.
ബഹളം കൂട്ടിയ പെണ്‍കുട്ടിയെ ഫോട്ടോകൾ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടർന്ന്, വീടുവിട്ടുപോയ ഇയാൾ പെണ്‍കുട്ടി പോകുന്നയിടങ്ങളിലെല്ലാമെത്തി ശല്യപ്പെടുത്താൻ തുടങ്ങി.
കഴിഞ്ഞദിവസം രാവിലെ കുട്ടി പഠിക്കുന്ന സ്കൂളിന്റെ സമീപം ബൈക്കിലെത്തിയ കുട്ടിയെ വീണ്ടും ശല്യപ്പെടുത്തുകയും മുഖത്തടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
മാതാവിന്റെ മൊഴിപ്രകാരം പോക്സോ വകുപ്പുകൾ കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയുകയായിരുന്നു. ഇയാളെ വീടിനു സമീപത്തുനിന്നും പോലീസ് ഇൻസ്പെക്ടർ സുജിത്തും സംഘവും പിടികൂടുകയായിരുന്നു.
സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.