തൃശൂർ/പാലക്കാട്: വിശ്വമാനവികതയുടെ സ്നേഹദർശനം കവിതയിൽ ആവാഹിച്ച മഹാകവി അക്കിത്തം (94) അന്തരിച്ചു. അക്കിത്തം അച്യുതൻ നന്പൂതിരി എന്നാണ് മുഴുവൻ പേര്.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ 8.10നായിരുന്നു അന്ത്യം. ദീർഘനാളായി ശാരീരിക അവശതകളെതുടർന്ന് ചികിത്സയിലായിരുന്നു. കരൾ, മൂത്രാശയ സംബന്ധമായ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
മരണസമയയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച നടക്കും. ഭൗതിക ശരീരം രാവിലെ സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കർശന നിയന്ത്രണങ്ങളോടെയായിരിക്കും പൊതുദർശനം. തുടർന്ന് പാലക്കാട്ടേക്കു കൊണ്ടുപോകും.
വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയായിരുന്നു. കവിതക്കു പുറമെ നിരവധി ചെറുകഥകളും ലേഖനങ്ങളും, വിവർത്തനങ്ങളും, തൂലികാചിത്രങ്ങളുടെയും സ്രഷ്ടാവാണ്. നാടകനടനായും സാമൂഹ്യപരിഷ്കർത്താവായും വേഷമിട്ടു.
കുമരനെല്ലൂരിൽ പാർവതി അന്തർജനത്തിന്റെയും അക്കിത്തം വാസുദേവൻ നന്പൂതിരിയുടെയും മകനായി 1926ൽ ജനനം. വേദപഠനത്തിനു പുറമേ ഇംഗ്ലീഷും, കണക്കും, തമിഴും പഠിച്ചു.
കുമരനെല്ലൂർ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയേറ്റിനു ചേർന്നു. പഠിപ്പുതുടരാനായില്ല. ചിത്രകല, സംഗീതം,ജ്യോതിഷം എന്നിവയിലായിരുന്നു ആദ്യം താൽപര്യം. എട്ടുവയസുമുതൽ കവിത എഴുതി തുടങ്ങി.
പൊന്നാനികളരിയിൽ അംഗമായതോടെ ഇടശേരി, വി.ടി, ഉറൂബ് ,നാലപ്പാടൻ എന്നിവരുടെ സന്തത സഹചാരിയായി. ഈ കൂട്ടായ്മയാണ് അക്കിത്തത്തിലെ കവിത്വത്തെ ഉണർത്തിയത്.
കവിതകളും ലേഖനങ്ങളും മറ്റുമായി അന്പതോളം ഗ്രന്ഥങ്ങളെഴുതിയ അക്കിത്തം ഗാന്ധിജിയുടെ ജീവിതത്തെയും ദർശനങ്ങളെയും സംബന്ധിച്ചു തയാറാക്കിയ ധർമ്മസൂര്യൻ എന്ന കൃതി ഏറെ ശ്രദ്ധിക്കപ്പെട്ടു.
1949 ൽ വിവാഹിതനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ.
ജ്ഞാപീഠം അടക്കം കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ഓടക്കുഴൽ, ആശാൻ, വള്ളത്തോൾ, ജ്ഞാനപ്പാന തുടങ്ങിയ ശ്രദ്ധേയമായ പുരസ്കാരങ്ങൾ അക്കിത്തത്തെ തേടിയെത്തി.
ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരുകുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ്, അക്കിത്തതിന്റെ കുട്ടികവിതകൾ(കവിതാസമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം (ഗ്രന്ഥകാവ്യം), ഈ ഏട്ടത്തി നുണയേ പറയൂ (നാടകം), അവതാളങ്ങൾ, കാക്കപ്പുള്ളികൾ(ചെറുകഥാ സമാഹാരം), ഉപനയനം തുടങ്ങിയവയാണ് ശ്രദ്ധേയമായ കൃതികൾ.