പാലക്കാട് ജില്ലയിൽ തൃത്താലക്കടുത്ത് കുമാരനെല്ലൂരിൽ 1926 മാർച്ച് 18ന് ജനനം. മലയാള ഭാഷയുടെ മഹാകവി എന്നതിനു പുറമെ ഉപന്യാസകാരൻ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തൻ. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം, ജ്ഞാനപീഠം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.1952ൽ സഞ്ജയൻ പുരസ്കാരത്തിന് അർഹനായി.
നാല്പത്തഞ്ചോളം കവിതാ സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന കവിതാ സമാഹാരമാണ് ശ്രദ്ധേയം. മലയാള കവിതാ ഭാഷയിൽ പുതുമയുടെ തുടക്കം ഇതിൽ നിന്നായിരുന്നു. ബലിദർശനം എന്ന കവിതയ്ക്ക് 1973ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
അരങ്ങേറ്റം, നിമിഷക്ഷേത്രം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, അമൃതഘാതിക, അക്കിത്തത്തിന്റെ തെരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ എന്നിവയാണ് ശ്രദ്ധേയമായ കവിതാ സമാഹരങ്ങൾ. ഉപനയനം, സമാവർത്തനം എന്നിവ പ്രധാന ഉപന്യാസങ്ങളാണ്. ശ്രീമദ് ഭഗവഗീതയുടെ തർജമയാണ് അക്കിത്തത്തിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രൊജക്ട്.
തൃശൂരിലെ യോഗക്ഷേമസഭയിൽ പ്രവർത്തിച്ച് കേരളത്തിലെ നന്പൂതിരി സമുദായത്തിന്റെ സാമൂഹിക പുരോഗതിക്കായി പ്രവർത്തിച്ചു. തിരുന്നാവായ, കടവല്ലൂർ, തൃശൂർ വേദപഠന കേന്ദ്രവുമായി പ്രവർത്തിച്ചിരുന്ന അക്കിത്തത്തിന് വേദങ്ങളിൽ അവഗാഹമുണ്ടായിരുന്നു. തൊട്ടുകൂടായ്മയ്ക്കും അയിത്തത്തിനുമെതിരെ 1947ൽ പാലിയം സത്യഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്.
കലാ-സാഹിത്യ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരാണ് അക്കിത്തത്തിന്റെ കുടുംബക്കാർ. അർധസഹോദരനായ അക്കിത്തം നാരായണൻ പാരീസിലെ മികച്ച ചിത്രകാരനാണ്.
ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയിലെ പ്രഫസറായ മകൻ അക്കിത്തം വാസുദേവനും മികച്ച ചിത്രകാരനാണ്. സോഷ്യലിസത്തിലും കമ്യൂണിസത്തിലും ആദ്യകാലങ്ങളിൽ അനുരക്തനായിരുന്നു. ഇഎംഎസ് പോലുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിച്ച ശേഷമാണ് രാഷ്ട്രീയ ചിന്താഗതിയിൽ മാറ്റം വന്നത്. പിന്നീട് കമ്യൂണിസ്റ്റ് വിരുദ്ധനെന്ന് വിളിക്കപ്പെട്ടു.
ഓൾ ഇന്ത്യ റേഡിയോയിൽ സ്ക്രിപ്റ്റ് റൈറ്ററായി ജോലി ചെയ്തിട്ടുണ്ട്. 1985ൽ എഡിറ്ററായി വിരമിച്ചു. 1973ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയതിനെ തുടർന്ന് എഡിറ്റർ സ്ഥാനം പ്രത്യേകം അനുവദിച്ചു നൽകുകയായിരുന്നു.
സാഹിത്യരംഗത്തെ മികവിനു പുറമെ വേദസംസ്കൃതിയിലെയും ഇന്ത്യൻ ഫിലോസഫിയുടെ സാഹിത്യത്തിലൂടെയുള്ള അപഗ്രഥനവുമാണ് എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനാക്കിയത്. 1950 മുതൽ സ്ഥിരമായി എഴുതിതുടങ്ങിയതു മുതൽ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
പുരസ്കാരങ്ങൾ
ജ്ഞാനപീഠം (2019), പത്മശ്രീ (2017) കേരള സാഹിത്യ അക്കാദമി അവാർഡ് (1972), കേന്ദ്ര സാഹിത്യ അക്കാദമി (1973), ഓടക്കുഴൽ (1973), ഉള്ളൂർ അവാർഡ് (1994), ആശാൻ പുരസ്കാരം (1994), അന്തർജനം അവാർഡ് (1996), വള്ളത്തോൾ സമ്മാനം (1996), കൃഷ്ണഗീതി പുരസ്കാരം (1997), സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (1998), കൃഷ്ണാഷ്ടമി (2000), ദേവീ പ്രസാദം (2001). സഞ്ജയൻ അവാർഡ് (2003), കെ.ടി. നാരായണ പിഷാരടി അവാർഡ് (2004), അമൃതീർത്തി (2004), അബുദാബി മലയാളി അവാർഡ് (2006), പന്തളം കേരള വർമ്മരാജ അവാർഡ് (2006), ജ്ഞാനപ്പാന പുരസ്കാരം (2006), മധ്യപ്രദേശ് സർക്കാരിന്റെ ദേശീയ കബീർ അവാർഡ് (2007), ബാലാമണിയമ്മ അവാർഡ് (2007), എഴുത്തച്ഛൻ സമാജം പുരസ്കാരം (2008), അഗ്നിഹോത്രി അവാർഡ് (2008), കേരള സർക്കാരിന്റെ എഴുത്തച്ഛൻ അവാർഡ് (2008), സാഹിത്യ പരിഷത്ത് (2008), തൃപ്പുണിത്തുറ സംസ്കൃത കോളജിന്റെ സാഹിത്യ നിപുണ ബിരുദവും സുവർണമുദ്രയും (1973), പട്ടാന്പി സംസ്കൃത കോളജ് സാഹിത്യ രത്ന മുദ്ര (1970), കൊച്ചി വിശ്വ സംസ്കൃതി പ്രതിഷ്ഠാനത്തിന്റെ അവാർഡ് (1997) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.