പാലക്കാട്: മഹാകവി അക്കിത്തം അച്യുതൻ നന്പൂതിരിക്കു കുമരനെല്ലൂരിലെ വസതിയിലെത്തി ജില്ലാ കളക്ടർ പി.മേരിക്കുട്ടി പത്മശ്രീ പുരസ്കാരവും സർട്ടിഫിക്കറ്റും കൈമാറി. ശാരീരിക അവശതകളെ തുടർന്ന് ഡൽഹിയിൽ നടന്ന പുരസ്കാര വിതരണ പരിപാടിയിൽ അക്കിത്തത്തിനു പങ്കെടുക്കാൻ സാധിക്കാത്തതിനെതുടർന്നാണ് ജില്ലാ കളക്ടർ വീട്ടിലെത്തി പുരസ്കാരം കൈമാറിയത്.
ഏറെ വൈകിയെങ്കിലും പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു അക്കിത്തത്തിന്റെ പ്രതികരണം. എഡിഎം എസ്. വിജയൻ, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, തഹസിൽദാർ കെ.ആർ പ്രസന്നകുമാർ, ഡെപ്യൂട്ടി തഹസിൽദാർ പി.പി കിഷോർ, കവിയുടെ ഭാര്യ സാവിത്രി അന്തർജനം, കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.