അക്കു ജീവിതത്തില്‍ ഒരിക്കല്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഒരു പിറന്നാള്‍ ആഘോഷത്തോടെ താന്‍ സ്റ്റാറാകുമെന്ന്.
അക്കുമാത്രമല്ല ഈ വീഡിയോ എടുത്തവരും. ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയായില്‍ തരംഗമായിമാറിയ പിറന്നാള്‍ ആഘോഷവീഡിയോയിലെ താരമാണ് അക്കു.
ഭിന്നശേഷിയുള്ള അക്കുവിന്റെ 29ാം ജന്മദിനത്തില് സഹോദരി സമ്മാനിക്കുന്ന സമ്മാനപ്പൊതി കൗതുകത്തോടെ സ്വീകരിക്കുകയും താന്‍ ഏറെനാളായി ആഗ്രഹിച്ച മൊബൈല്‍ ഫോണാണ് അതില്‍ എന്നറിയുമ്പോള്‍ ഉണ്ടാകുന്ന ആഹ്ളാദവും സഹോദരിയെ കെട്ടിപ്പിടിച്ചുള്ള സ്നേഹചുബനവുമാണ് വീഡിയോയില്‍ ഉള്ളത്.
കാണുന്ന ആരുടെയും കണ്ണുകളില്‍ ഈറന്‍ അണിയിക്കുന്ന ഈ ദൃശ്യം ഒരുകോടിക്കു മുകളിലാളുകളാണ് കണ്ടത്. ഒരു മിനിറ്റ് 47സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായി.
ഇതിലുള്ള വ്യക്തികളെ തിരിച്ചറിയാത്തതുകൊണ്ട് അമ്മയും മകനുമെന്നാണ് വാര്‍ത്തകളില്‍ നല്‍കിയിട്ടുള്ളത്.
ഒരുപാട് തിരഞ്ഞു ആളെ കണ്ടെത്താനായില്ല എന്ന് തുടങ്ങുന്ന വരികളോടെയാണ് ഒരു ദേശീയമാധ്യമം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാര്‍ത്തയും വീഡിയോയും ശ്രദ്ധയില്‍പെട്ട റിയല്‍മീ സിഇഒ മാധവ് സേത്ത് അക്കുവിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വേണ്ടി റിയല്‍മി പാഡ് സമ്മാനമായി വാഗ്ദാനം ചെയ്തുകൊണ്ട് ട്വിറ്റ് ചെയ്തു.
ഇനി വീഡിയോയ്ക്കു പിന്നിലെ കഥയിലേക്ക് വരാം. അക്കുവിന്റെ സഹോദരിയും ഡോക്ടറുമായ മീനാക്ഷി പറയുന്നത് ഇങ്ങനെയാണ്.
കഴിഞ്ഞ വര്‍ഷം വിവാഹവാര്‍ഷികത്തിന് അച്ഛനും അമ്മക്കും ഒരു ഫോണ്‍ സമ്മാനിച്ചിരുന്നു. അന്ന് തനിക്കും ഒരു ഫോണ്‍ വാങ്ങിത്തരുമോയെന്ന് അക്കു ചോദിച്ചിരുന്നു.
ഈ ആഗ്രഹം സാധിക്കില്ലയെന്ന് വിചാരിച്ചിട്ടാണെന്ന് തോന്നുന്നു പിന്നീട് ഇക്കാര്യം ചോദിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെയാണ് പിറന്നാളിന് ഫോണ്‍ തന്നെ സമ്മാനിക്കാമെന്ന് തീരുമാനിച്ചത്.
പക്ഷേ അവന് ഇത്രയധികം സന്തോഷമാകുമെന്ന് ഞങ്ങള്‍ കരുതിയില്ല. ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത് എന്റെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിലും ഫേസ്ബുക്കിലുമാണ്.
പിന്നീട് ഇത് ഷേയര് ചെയ്തു പോകുകയായിരുന്നു. പലരും ഡൗണ്‍ലോഡ് ചെയ്ത് റീപോസ്റ്റ് ചെയ്തു അങ്ങനെയാണ് ഇത് ട്വിറ്ററിലെത്തിയത്. ട്വിറ്ററില്‍ വൈറലായതോടെയാണ് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
കോട്ടയം വയലാ സ്വദേശിയാണ് അക്കു. അച്ഛന് വിജയന്, അമ്മ ഉഷ വിജയന്. ഡോ. മീനാക്ഷിയുടെ ഭര്‍ത്താവും കേരളപോലീസ് സൈബര്‍ ഡോമിലെ ഉദ്യാഗസ്ഥനുമായ ശ്യം വിഷ്ണുവാണ് വീഡിയോ ചിത്രീകരിച്ചത്.
അക്കു ഇപ്പോള്‍ നാടികുന്ന് ഹോളിക്രോസ് സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥിയാണ്.
അരുണ്‍ ടോം