ടീം കർഫ്യൂ ലംഘിച്ച് രാത്രി കറങ്ങാൻ പോയ പാക് താരം ഉമർ അക്മലിന് പിഴശിക്ഷ വിധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന നാലാം ഏകദിനത്തിനുശേഷമായിരുന്നു അക്മൽ ടീമിന്റെ നിശാനിയമം ലംഘിച്ച് ഡ്രൈവിംഗിനു പോയത്.
താരം അച്ചടക്ക ലംഘനം നടത്തിയത് ശ്രദ്ധയിൽപ്പെട്ട ടീം മാനേജർ തലത് അലി, ഉമർ അക്മലിനെ ഹിയറിംഗിനായി വിളിപ്പിക്കുകയും അഞ്ചാം ഏകദിന മത്സരത്തിന്റെ മാച്ച് ഫീസിൽ നിന്ന് ഇരുപത് ശതമാനം തുക പിഴ വിധിക്കുകയുമായിരുന്നു.
2017 ലെ ചാന്പ്യൻസ് ട്രോഫിക്കിടെ ഫിറ്റ്നസിൽ പരാജയപ്പെടുകയും പരിശീലകൻ മൈക്ക് ആർതറിനെതിരേ സംസാരിക്കുകയും ചെയ്ത അക്മലിനെ അന്ന് നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അക്മൽ ടീമിലേക്ക് തിരിച്ചെത്തിയത്.