തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിലെ മുഖ്യപ്രതി അഖിൽ പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽവച്ചാണ് അഖിൽ പിടിയിലായത്. കൊലപാതകത്തിനു ശേഷം അഖിൽ കേരളം വിട്ടിരുന്നു. കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെ പോലീസ് ശനിയാഴ്ച രാവിലെ പിടികൂടിയിരുന്നു.
രാഹുലിന്റെ ഫോണിൽനിന്ന് അഖിലിനെ പോലീസ് വിളിപ്പിക്കുകയും എത്രയും വേഗം നാട്ടിലെത്താൻ ആവിശ്യപ്പെടുകയും ചെയ്തു. നാട്ടിലെത്തുമെന്ന് അഖിൽ സൂചന നൽകിയെങ്കിലും എപ്പോൾ എങ്ങനെ എത്തുമെന്ന് പറഞ്ഞിരുന്നില്ല.
അഖിലിന്റെ വരവ് പ്രതീക്ഷിച്ച് വിമാനത്താവളത്തിൽ പോലീസ് നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ ഡൽഹിയിൽനിന്ന് വിമാനമാർഗം തിരുവനന്തപുരത്തെത്തിയ അഖിലിനെ ഷോഡോ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രണ്ടു പ്രതികളുമായി അമ്പൂരിയിലെ വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തും.
അഖിൽ രാഖിയെ വിവാഹം കഴിച്ചിരുന്നതായാണു പോലീസ് നൽകുന്ന സൂചന. മൃതദേഹത്തിൽ നിന്നു കിട്ടിയ താലിമാല എറണാകുളത്തെ ഒരു ആരാധനാല യത്തിൽ വച്ച് അണിയിച്ചതായും പോലീസ് കരുതുന്നു. ദീർഘനാളത്തെ പ്രണയത്തിൽ നിന്ന് പിൻമാറിയ അഖിൽ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതാണു പ്രശ്നങ്ങൾക്ക് കാരണമായത്.
രാഖിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്ടെന്നു ജീർണിക്കാനായി വസ്ത്രങ്ങൾ മാറ്റിയ ശേഷമാണു കുഴിച്ചുമൂടിയത്. കാണാതായ വസ്ത്രങ്ങളും ഇനി കണ്ടെത്തേണ്ടതുണ്ട്.