അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറ്റി വാങ്ങാനും ദൈനംദിന ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനും ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം ആളുകള്‍ നെട്ടോട്ടം ഓടുകയാണ്. എന്നാല്‍ ഈ വെപ്രാളപ്പാച്ചിലില്‍ പെടാതെ വളരെ കൂളായി ജീവിതം തുടരുന്ന കുറേയാളുകളും രാജ്യത്തുണ്ട്. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ അകോദര എന്ന ഗ്രാമത്തിലെ ജനങ്ങളാണ് നോട്ടു പ്രശ്‌നം എന്താണെന്ന് പോലും അറിയാതെ സുഖമായി ജീവിക്കുന്നത്. നോട്ട് റദ്ദാക്കല്‍ ഇവരെ ബാധിക്കാത്തത് എന്തുകൊണ്ടാണെന്നല്ലേ. എന്നാല്‍ അക്കഥ കേട്ടോളൂ..
220 കുടുംബങ്ങളുള്ള ഈ ഗ്രാമത്തിലെ ജനസംഖ്യ 1200 ആണ്. ഇവരുടെ പ്രത്യേകത എന്താണെന്നു വച്ചാല്‍ പ്രായപൂര്‍ത്തിയായ എല്ലാ ഗ്രാമവാസികള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ട്. കൂടാതെ ഇവരെല്ലാം ഇ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചാണ് എല്ലാ ചിലവുകളും നടത്തുന്നത്. അതായത് ഇവര്‍ പാല്‍ വാങ്ങുന്നതുപോലും ഡിജിറ്റല്‍ രീതിയിലാണ്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രകാരം ഐസിഐസിഐ ബാങ്ക് ഗ്രാമത്തെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് അകോദാരയെ ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗ്രാമമായി പ്രഖ്യാപിക്കുകയും ചെയ്തു. ഗ്രാമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈഫൈ സൗകര്യം പ്രയോജനപ്പെടുത്തിയാണ് ഇവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. എന്തു സാധനം വാങ്ങിയാലും ഉപഭോക്താവ് തന്റെ മൊബൈല്‍ ഫോണിലൂടെ ഒരു മെസേജ് ബാങ്കിലേക്ക്് അയക്കുകയാണ് ചെയ്യുക. ഉടന്‍ തന്നെ കടയുടമയുടെ അക്കൗണ്ടിലേക്ക് പണം എത്തും. മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, കൈമാറേണ്ട തുക എന്നീ വിവരങ്ങളാണ് മെസ്സേജ് ആയി അയക്കേണ്ടത്.
പത്ത് രൂപയ്ക്കു മുകളിലുള്ള തുകകളാണ് ഇത്തരത്തില്‍ കൈമാറുന്നത്. ഗ്രാമത്തില്‍ പാല്‍, പച്ചക്കറി, വീട്ടു വാടക, കേബിള്‍ വാടക തുടങ്ങി എല്ലാത്തിന്റെയും പണമിടപാടുകള്‍ ഇവര്‍ നടത്തുന്നത് ഇത്തരത്തിലാണ്. കൂടാതെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ബാങ്ക് അക്കൗണ്ടുവഴിയാണ് ലഭ്യമാകുന്നത്. എന്തെങ്കിലും ആവശ്യത്തിന് ഗ്രാമത്തിന് പുറത്തുപോകേണ്ടി വന്നാല്‍ മാത്രമെ തങ്ങള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാറുള്ളു എന്നും ഇവര്‍ പറയുന്നു. ഈ പ്രത്യകതരം ജീവിതം വളരെ സുഖപ്രദമാണെന്നാണ് ഗ്രാമവാസികളുടെ അഭിപ്രായം. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുപോലും ഡിജിറ്റല്‍ ജീവിതം സാധ്യമാണെന്ന് തങ്ങളുടെ ജീവിതത്തിലൂടെ തെളിയിക്കാനും ഇവര്‍ക്ക് സാധിച്ചിരിക്കുന്നു. നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തതെന്നു തോന്നുന്നുണ്ടോ?