കൊച്ചി: നഗരത്തെ നടുക്കിയ മോഷണ പരന്പരയിലെ മുഖ്യപ്രതി ബംഗ്ലാദേശ് സ്വദേശി അക്രംഖാൻ ബംഗ്ലാദേശിൽ പിടിയിൽ. ബംഗ്ലാദേശ് പോലീസ് അന്വേഷിച്ചു കൊണ്ടിരുന്ന കൊടും കുറ്റവാളിയായ പ്രതിയെ ബംഗ്ലാദേശ് റൈഫിൾസാണ് അറസ്റ്റ് ചെയ്തത്.
മോഷണ പരന്പര അന്വേഷിക്കുന്ന കേരളത്തിൽ നിന്നുള്ള സംഘമാണ് അക്രംഖാന്റെ ഒളിത്താവളത്തെപ്പറ്റിയുള്ള നിർണായക വിവരങ്ങൾ ബംഗ്ലാദേശ് റൈഫിൾസിനു കൈമാറിയതെന്നു ഹിൽപ്പാലസ് സ്റ്റേഷൻ ഓഫീസർ പി.എസ്. ഷിജു രാഷ്ട്രദീപികയോട് പറഞ്ഞു.
അക്രംഖാന് ബംഗ്ലാദേശിലും കേസുകൾ നിലവിലുണ്ട്. ഇയാൾ പ്രതിയായ രണ്ടു കൊല കേസുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റു നടന്നിരിക്കുന്നത്. അക്രംഖാനെ മോറൽഗഞ്ച് പോലീസിനു കൈമാറി. മൂന്നു വർഷം മുൻപ് അക്രംഖാൻ ബംഗ്ലാദേശിൽ ആസൂത്രണം ചെയ്ത മോഷണത്തിനിടെ രണ്ടു സംഭവങ്ങളിലായി രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.
ഈ കേസുകളിൽ ബംഗ്ലാദേശ് പോലീസ് അറസ്റ്റു ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം അക്രംഖാൻ ഇന്ത്യയിലേക്കു കടന്നു. തുടർന്നു കേരളം, തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ നടത്തി.
ഒരു സ്ഥലത്തു കവർച്ച നടത്തി ശേഷം അവിടെനിന്നു മറ്റിടങ്ങളിലേക്കു കടക്കുകയായിരുന്നു പ്രതിയുടെ രീതി. എന്നാൽ, കൊച്ചിയിൽ നടന്ന മോഷണങ്ങൾക്കു ശേഷം കേരള പോലീസ് രാജ്യമെങ്ങും അന്വേഷണം വ്യാപിപ്പിച്ചതോടെ അക്രംഖാൻ വീണ്ടും ബംഗ്ലാദേശിലേക്കു കടക്കുകയായിരുന്നു. എന്നാൽ, കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിന് അക്രംഖാന്റെ ഒളിയിടത്തേപ്പറ്റി വിവരങ്ങൾ ലഭിച്ചത് ബംഗ്ലാദേശ് റൈഫിൾസിനു കൈമാറി.
അതേസമയം, പിടിയിലായ പ്രതിയെ ഇന്ത്യയിലെത്തിക്കുന്നത് പ്രയാസമുള്ള കാര്യമാണെന്നു പി.എസ്. ഷിജു പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി ബംഗ്ലാദേശ് സർക്കാരിനെ സമീപിക്കാനാണു പോലീസിന്റെ തീരുമാനം. ഇതിനുള്ള നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കും.
എന്നാൽ, അവിടെയും അക്രംഖാന് ഗുരുതരമായ കേസുകൾ ഉള്ളതിനാൽ പ്രതിയെ ലഭിക്കുന്ന കാര്യത്തിൽ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബർ 15നു പുലർച്ചെ എറണാകുളം പുല്ലേപ്പടിയിലും 16നു പുലർച്ചെ തൃപ്പൂണിത്തുറ എരൂരിലുമാണു കവർച്ചകൾ നടന്നത്.