കോഴിക്കോട്: കെ-റെയില്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സമരപരമ്പരകള്‍ക്ക് പ്രതിപക്ഷപാര്‍ട്ടികളും വിവിധ സംഘടനകളും തയ്യാറായിരിക്കവേ സമരത്തെ ‘പൂട്ടാ’നൊരുങ്ങി പോലീസ്.
ഗെയില്‍ സമരത്തേക്കാള്‍ ബഹുജന പിന്തുണയുള്ള സമരപരമ്പരകളായിരിക്കും സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-റെയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാൽ ഉണ്ടാകുകയെന്ന് ഉറപ്പായി കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ സമരത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവരെ പൂട്ടാനും സമരത്തെ നേരിടേണ്ടതെങ്ങനെയെന്നും പോലീസിന് പ്രത്യേക നിര്‍ദേശം നല്‍കും.
അക്രമം നടത്താന്‍ എത്തുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഇത് സമരത്തിന് മൂര്‍ച്ച കൂട്ടുമെന്നാണ് കരുതപ്പെടുന്നത്. ഗെയില്‍ വിഷയത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ വിജയം കണ്ടെങ്കിലും അതിനേക്കാള്‍ രൂക്ഷമായ രീതിയിലായിരിക്കും കെ-റെയില്‍ സമരമെന്നാണ് ആഭ്യന്തരവകുപ്പും സര്‍ക്കാരും കരുതുന്നത്.
ഗെയില്‍ സമരത്തില്‍ മത തീവ്രവാദ സംഘടനയുടെ പങ്കുണ്ടെന്ന രീതിയില്‍ നടന്ന പ്രചാരണവും സമരത്തെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ പ്രാപ്തമാക്കി.
എന്നാല്‍ കെ. റെയില്‍ സമരത്തിന് കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ ഇതിനകം പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. കെ-റെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ തന്നെ വിവിധ ഇടങ്ങളില്‍ വാഹന പ്രചാരണ ജാഥ നടത്തിയിരുന്നു.
ഇതിനു ശേഷം സമരസന്ദേശം വിവിധ ഇടങ്ങളിലേക്ക് എത്തിക്കാനും സമരത്തിന് ശക്തികൂട്ടാനുമാണ് ശ്രമം.കോഴിക്കോട് ജില്ലിയിലൂടെ മാത്രം 20 വില്ലേജുകളിലൂടെയാണ് കെ-റെയില്‍ കടന്നുപോകുന്നത്.
ഇവിടങ്ങളിലെല്ലാം പ്രതിഷേധത്തിന് കോപ്പുകൂട്ടികൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടനാ സംവിധാനം കൂടി ഇതിനൊപ്പം ചേരുമ്പോള്‍ സമരപരമ്പരകളാണ് വരാനിരിക്കുന്നത്. ഇതിനൊപ്പം പോലീസിന് പിടിപ്പത് ജോലിയും.
നിലവില്‍ വിവിധ വിഷയങ്ങളിൽ പോലീസ് പ്രതിക്കൂട്ടിലാകുകയും ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ചായ്വ് ചര്‍ച്ചയാകുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്.