കൊച്ചി: റോഡരികില്‍ ഫോണ്‍ ചെയ്തുകൊണ്ടു നില്‍ക്കുകയായിരുന്ന യുവാവിനെ വെട്ടിവീഴ്ത്തിയ സംഭവത്തില്‍ പിടിയിലായ അച്ഛനെയും മകനെയും റിമാന്‍ഡ് ചെയ്തു.
പനങ്ങാട് കാമോത്ത് സ്വദേശികളായ സതീശന് (50), മകന് സഞ്ജയ് (20) എന്നിവരെയാണു പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.
ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ പനങ്ങാട് കാമോത്ത് വായനശാലയ്ക്കു സമീപം നടന്ന സംഭവത്തില്‍ കൂനമ്മാവ് സ്വദേശി നിഖില്‍ രവിക്കാണു (29) വെട്ടേറ്റത്.
റോഡരികില്‍ ബൈക്ക് നിര്‍ത്തി പോസ്റ്റില്‍ ചാരിനിന്നു ഫോണ്‍ ചെയ്യുകയായിരുന്നു നിഖില്‍. ഈ സമയം സഞ്ജയ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്നെത്തിയ സതീശനാണു നിഖിലിനെ ആക്രമിച്ചത്.
തലയ്ക്കും പുറത്തുമാണു വെട്ടേറ്റിട്ടുള്ളത്. സംഭവത്തെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.
തലയ്ക്കു ഗുരുതര പരിക്കേറ്റ നിഖില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.