പരിയാരം: ബന്ധുവായ കരാറുകാരനെ ആക്രമിക്കാൻ ബാങ്ക് ജീവനക്കാരി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും.ക്വട്ടേഷൻ നൽകിയ ബാങ്ക് ജീവനക്കാരി ഒളിവിലാണ്. ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നത് 12 ലേക്ക് കോടതി മാറ്റിവച്ചു.
തലശേരി ജില്ലാ സെഷൻസ് കോടതിയിലാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.കേസിൽ പോലീസ് അറസ്റ്റു ചെയ്യാൻ സാധ്യതയേറിയതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഏപ്രിൽ 18 ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം ആക്രമിച്ചത്.
കേരള ബാങ്ക് ഉദ്യോഗസ്ഥയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് സുരേഷ് ബാബുവിനെതിരായി ക്വട്ടേഷൻ നൽകിയത്. കേസിൽ നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻ ഹൗസിൽ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേൻ ഹൗസിൽ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെ പരിയാരം എസ്.ഐ. കെ.വി.സതീശന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ ലഭിച്ച ശേഷം ഗൂഢാലോചന നടത്തിയ സ്ഥലത്തും പണം കൈപറ്റിയ സ്ഥലത്തും എത്തിച്ച് തെളി വെടുപ്പ് നടത്തും. കൃത്യം നടത്താൻ ആയുധം വാങ്ങിയ തളിപ്പറമ്പ് മാർക്കറ്റിലെ കടയിലും സംഭവത്തിന് ശേഷം ആയുധം വലിച്ചെറിഞ്ഞ പുഴയ്ക്കരിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.