പാറശാല : മയക്കുമരുന്ന് ഉപയോഗം വിലക്കിയതിനെ തുടർന്ന് വീടുകളുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ഇരുചക്ര വാഹനവും കത്തിച്ചനിലയിൽ കണ്ടെത്തി. കൊടവിളാകം പാലക്കുഴി വീട്ടിൽ പ്രശാന്തിന്റെ കാറും പാലക്കുഴി വീട്ടിൽ ഷൈൻ കുമാറിന്റെ ഇരുചക്ര വാഹനവുമാണ് ഇന്ന് പുലർച്ചെ കത്തിച്ച നിലയിൽ കണ്ടെത്തിയത്. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ കത്തി .
ഇരുചക്രവാഹനം പൂർണമായും കത്തി നശിച്ചു. പെട്രോൾ കൊണ്ട് വന്നതെന്ന് സംശയിക്കുന്ന കുപ്പി പൊട്ടിച്ചനിലയിൽ പ്രശാന്തിന്റെ വീടിനു മുന്നിൽ നിന്നും കണ്ടെത്തി. വീടിനോടു ചേർത്തിട്ടിരുന്ന കാർ പൂർണമായും കത്തിനശിക്കാത്തതിനാൽ വൻദുരന്തം ഒഴിവായി
. ഷൈൻ കുമാറിന്റെ വീടിനോടു ചേർന്നുള്ള ഫർണിച്ചർ കടയ്ക്കു മുന്നിൽ വച്ചിരുന്ന ഇരുചക്രവാഹനം റോഡിന്റെ വശത്തോട്ടു മാറ്റിവച്ചാണ് കത്തിച്ചത്. ഇന്ന് പുലർച്ചെ 3 .30നാണ് സംഭവം .പ്രദേശത്തു പിടിമുറുക്കി വരുന്ന കഞ്ചാവ് മാഫിയയാണ് ഇതിന് പിന്നിലെന്ന് വാഹന ഉടമകൾ ആരോപിച്ചു.
പാലക്കുഴിയിൽ പ്രവർത്തിച്ചിരുന്ന ആംഗൻവാടി വളപ്പിലിരുന്നു ഒരുസംഘം സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടത്രെ. ഇന്നലെ രാത്രിയും എട്ടോളം പേർ വരുന്ന ഒരു സംഘം കഞ്ചാവ് ഉപയോഗിക്കുകയായിരുന്നു. ഇത് പ്രദേശവാസികളായ പ്രശാന്തും ,ഷൈൻ കുമാറും വിലക്കിയിരുന്നു .
ഇതിലുള്ള വൈരാഗ്യമാണ് വാഹനം കത്തിക്കലിന് പിന്നിലെന്ന് ആരോപിക്കുന്നു.പോലീസിൽ പരാതിപ്പെട്ടതിനെത്തുടർന്നു സ്ഥലത്തെത്തി പോലീസ് വിവരശേഖരണം നടത്തി. ആറുമാസം മുന്നേ മയക്കുമരുന്ന് മാഫിയ പ്രദേശത്തെ ഒരു വീട് അടിച്ചു തകർക്കുകയും വീട്ടുകാരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ു