കൂത്തുപറമ്പ്: ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ സിപിഎം-കോൺഗ്രസ് സംഘർഷം. നാലു പേർക്ക് പരിക്കേറ്റു.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാന പ്രകാരം ഇന്നു വൈകുന്നേരം ആറു വരെ ചെറുവാഞ്ചേരി വില്ലേജിൽ ഹർത്താൽ. ഇന്നലെ രാത്രി പത്തോടെ പൂവത്തൂർ കണ്ണാടിച്ചാലിൽ ആണ് സംഭവം.
കോൺഗ്രസ് ചെറുവാഞ്ചേരി മണ്ഡലം പ്രസിഡന്റ് ബിനു പാറായി (42), യൂത്ത് കോൺഗ്രസ് പാട്യം മണ്ഡലം പ്രസിഡന്റ് വി.പി.രാഹുൽ (27) എന്നിവർക്കും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അതുൽ പാലയാട് (26), യൂണിറ്റ് ഭാരവാഹി കൊട്ടയോടൻ ഹൗസിൽ വിഷ്ണു (24) എന്നിവർക്കുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ ആറു കൊടിമരങ്ങൾ നശിപ്പിച്ചതിനെതിരെ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നുവെന്നും ഇതിന്റെ തുടർച്ചയായി ഇന്നലെ സിപിഎം പ്രവർത്തകർ ആയുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് ബിനു പാറായി പറഞ്ഞു.
അതേസമയം, സിപിഎം സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച കൊടിമരം കോൺഗ്രസ് പ്രവർത്തകർ എടുത്തുകൊണ്ടു പോയതായും ഇതേത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്നു ഡിവൈഎഫ്ഐ നേതൃത്വവും ആരോപിച്ചു.
പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകർ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ഡിവൈഎഫ്ഐ പ്രവർത്തകർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. സംഘർഷത്തെത്തുടർന്നു കൂത്തുപറമ്പ് ഇൻസ്പെക്ടർ ബിനു മോഹൻ, കണ്ണവം എസ് ഐ രാജേഷ് ഏലിയൻ, കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ സ്ട്രൈക്കിംഗ് ഫോഴ്സ് എന്നിവരും സ്ഥലത്തെത്തി.
തുടർന്ന് പോലീസ് സംഘം സ്ഥലത്തെ മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും കൊടിതോരണങ്ങളും എടുത്തു മാറ്റി.