മുഹമ്മ: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീടുകയറി അക്രമിച്ച സംഭവത്തിൽ പ്രതിയെ പോലിസ് അറസ്റ്റുചെയ്തു. മണ്ണഞ്ചേരി പഞ്ചായത്തിൽ 7-ാം വാർഡിൽ പുന്നേപറന്പിൽ രാജുവിന്റെ മകൻ സുരാജ്(26) ആണ് പിടിയിലായത്. മണ്ണഞ്ചേരിയിൽ അന്പനാകുളങ്ങര ക്ഷേത്രത്തിന് കിഴക്ക് വെള്ളാഞ്ഞലിയിൽ പാർവ്വതിഅമ്മ(തങ്കമ്മ-72)യെ ആയിരുന്നു അക്രമിച്ചത്. പാർവ്വതിയമ്മയുടെ അയൽവാസിയാണ് പിടിയിലായ സുരാജ്.
കഴിഞ്ഞ 13ന് രാത്രി 12ഓടെയായിരുന്നു അക്രമം. സംഭവ ദിവസം പ്രതി പാർവ്വതി അമ്മയുടെ വീടിന്റെ പിൻവാതിലിലൂടെ അകത്തുകടക്കുകയായിരുന്നു. വാതിൽ തുറക്കുന്ന ശബ്ദം കേട്ട പാർവ്വതിയമ്മ ടോർച്ചുമായി പിന്നാന്പുറത്തേക്ക് എത്തിയപ്പോൾ ഇയാൾ വൃദ്ധയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. കുതറിമാറിയ പാർവതിയമ്മ കൈയ്യിലിരുന്ന ടോർച്ച് തെളിച്ച് പ്രതിയുടെ മുഖത്തടിച്ചിരുന്നു. തന്നെ പാർവ്വതിയമ്മ തിരിച്ചറിയുമെന്ന് മനസിലാക്കി അടുക്കളയിൽനിന്നും ചിരവയെടുത്ത് തലയ്ക്കടിക്കുകയായിരുന്നുവെന്ന് പ്രതി പോലിസിനോട് പറഞ്ഞു. വൃദ്ധ അടിയേറ്റ് മരിച്ചതായി കരുതിയ സുരാജ് പണത്തിനായി അലമാരയും പെട്ടികളും തുറന്ന് പരിശോധിച്ചിരുന്നു.
സ്ഥിരമായി പാർവ്വതിഅമ്മയ്ക്ക് വിഷുക്കൈ നീട്ടം നൽകുന്ന സമീപവാസി കൈനീട്ടം നൽകാൻ പുലർച്ചെ ഇവരുടെ വീട്ടിലെത്തിയപ്പോൾ ചലനമറ്റ് രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു പാർവ്വതിഅമ്മ. ഇയാൾ നാട്ടുകാരെ വിളിച്ചുകൂട്ടിയാണ് പാർവ്വതിഅമ്മയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിനുശേഷം പ്രദേശത്തെ നൂറോളംപേരെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ദൃക്സാക്ഷികൾ ഇല്ലാത്തതും അക്രമത്തിനിരയായയാൾ പരസ്പരവിരുദ്ധമായി മൊഴി നൽകിയതും അന്വേഷണത്തെ ബാധിച്ചിരുന്നു. ഹൗസ്ബോട്ടിലെ സ്രാങ്കായ പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു.
ലഹരി ഉപയോഗിച്ചശേഷം സ്ത്രീകൾ ഒറ്റയ്ക്കു താമസിക്കുന്ന വീടുകളിൽ എത്തി വൈദ്യുതബന്ധം വിച്ഛേദിച്ച് ഉപദ്രവിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. സംഭവത്തിനുശേഷം ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീഖിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈഎസ്പി വൈ.ആർ. റെസ്റ്റം, മാരാരിക്കുളം സിഐ ജെ. ഉമേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. മണ്ണഞ്ചേരി എസ്ഐ കെ. രാജൻബാബു, വി. ഉല്ലാസ്, ജിതിൻ, മനോജ്, ഷാനവാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.