തലയോലപറന്പ്: മദ്യപിച്ചു ലക്കുകെട്ട യുവാവ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന വയോധികയെ ആക്രമിച്ചതിനു ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ മറിഞ്ഞു വീണു തലയ്ക്കു സാരമായി പരിക്കേറ്റു.
വൈക്കം – പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി 9.40 നായിരുന്നു സംഭവം. 28 കാരനായ യുവാവിനെ സഹയാത്രികരും റെയിൽവേ അധികൃതരും ചേർന്ന് തടഞ്ഞുച്ചെങ്കിലും കുതറി മാറിയ യുവാവ് ട്രെയിനിൽ നിന്നിറങ്ങി പാളത്തിലൂടെ ഓടുന്നതിനിടയിൽ മറിഞ്ഞു വീഴുകയായിരുന്നു.
പരിക്കേറ്റ കോട്ടയം പുതുപ്പള്ളി സ്വദേശിയായ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എറണാകുളത്തു നിന്ന് കോട്ടയത്തേക്കു വന്ന പാസഞ്ചർ ട്രയിനിൽ തെറ്റി കയറിയതായിരുന്നു വയോധിക. മദ്യപിച്ചു ലക്കു തെറ്റിയ യുവാവ് വൈക്കം പിറവം റോഡ് റെയിൽവേ സ്റ്റേഷനോടടുത്തപ്പോഴാണ് വയോധികയുമായി തർക്കത്തിലായത്.
കലഹത്തിനിടയിൽ യുവാവ് വയോധികയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. സഹയാത്രികർ ബഹളം വച്ചതിനെ തുടർന്ന് സ്റ്റേഷൻ മാസ്റ്ററും ഗാർഡും ഓടയെത്തി യുവാവിനെ തടഞ്ഞുവച്ചു.
യുവാവ് ഇവരിൽ നിന്ന് കുതറി പാളത്തിലൂടെ ഓടി. ആ സമയം പാളത്തിലൂടെ മറ്റൊരു ട്രെയിൻ വരുന്നതു കണ്ട് ഓടിമാറുന്നതിനിടയിൽ വീണ് യുവാവിന്റെ തലയ്ക്കു പരിക്കേറ്റു.
ചോര വാർന്നൊഴുകിയിട്ടും കൂട്ടാക്കാതെ യുവാവ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ചോരയൊലിപ്പിച്ചെത്തിയ യുവാവിനെ കണ്ട് വീട്ടുകാരും പരിഭ്രാന്തരായി.
തന്നെ ചിലർ ട്രെയിനുള്ളിൽവച്ച് ആക്രമിച്ചു പരിക്കേൽപിച്ചതാണെന്നാണ് യുവാവ് വീട്ടുകാരോടു പറഞ്ഞത്.വീട്ടുകാർ പഞ്ചായത്തംഗം നികിത കുമാറിനെ വീട്ടിലേക്കു വിളിച്ചു വരുത്തി.
നികിത കുമാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലിസ് യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.