കായംകുളം : കൊറ്റുകുളങ്ങരയിൽ പട്ടാപ്പകൽ കാറിൽ സഞ്ചരിച്ചവർക്ക് നേരെ ഗുണ്ടാ ആക്രമണം. കാർ യാത്രികരെ മാരകായുധങ്ങളുമായി ആക്രമിച്ച സംഘം പണം അപഹരിച്ചു.
ഒരാളെ പോലീസ് പിടികൂടി. കൊറ്റുകുളങ്ങര സി പി എം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കിഴക്കേ അയ്യത്ത് വീട്ടിൽ ഷാജഹാനും ഭാര്യ സഹോദരനും മെഡിക്കൽ കോളേജ് ജീവനക്കാരനുമായ കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷൻ പൊന്നറ വീട്ടിൽ മുഹമ്മദ് റാഫിക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
ഇരുവരും ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിന് ബാങ്കിൽ നിന്നും 9,85000 രൂപയുമായി പോകുന്ന വഴിയിൽ ഇടശ്ശേരി ജംഗ്ഷന് സമീപമായിരുന്നു അക്രമം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഷാജഹാനെയും ഭാര്യ സഹോദരൻ റാഫിയേയും ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
അക്രമിസംഘം ഷാജഹാന്റെ കൈയിൽ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യിൽ വടിവാൾ ഉപയോഗിച്ചു വെട്ടുകയും ചെയ്തു. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന ഒൻപത് ലക്ഷത്തി എൺപത്തിഅയ്യായിരം രൂപയോളം അക്രമിസംഘം അപഹരിച്ചു.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച അക്രമി സംഘത്തിൽപ്പെട്ട മിഥുൻ എന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ഇയാൾക്കും സാരമായി പരിക്കേറ്റു.പരിക്കേറ്റ മൂന്നു പേരെയും കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.