പരിയാരം(കണ്ണൂര്‍): കോണ്‍ട്രാക്ടറെ ആക്രമിച്ച സംഭവത്തിന് ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധം.
അതിയടത്തെ ബില്‍ഡിംഗ് കോണ്ട്രാക്ടര് പി.വി. സുരേഷ് ബാബുവിനെ അജ്ഞാതസംഘം രാത്രിയില്‍ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിന്റെ കേസന്വേഷണം വഴിമുട്ടിയെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
അതേസമയം സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.കഴിഞ്ഞ ഏപ്രില്‍ 18-ന് രാത്രി ഒമ്പതോടെയാണ് ക്വട്ടേഷന്‍ സംഘം എന്ന് കരുതപ്പെടുന്നവര് വീട്ടില്‍ അതിക്രമിച്ച് കയറി സുരേഷ്ബാബുവിനെ ആക്രമിച്ചത്.
ആഴത്തിലുള്ള വെട്ടേറ്റ് അറ്റുപോകാറായ വലതുകാലുമായി ഇയാള്‍ ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ഇപ്പോള്‍ വീട്ടിലും ആശുപത്രിയിലും മാറിമാറിയുള്ള ചികിത്സ തുടരുകയാണ്.
എന്നാല്‍ സംഭവം നടന്ന് ഒരു മാസത്തിലധികം കഴിഞ്ഞിട്ടും പോലീസിന് അക്രമികളെ കണ്ടെത്താനായിട്ടില്ല എന്നാണ് ആക്ഷേപം.വെള്ള നിറത്തിലുള്ള കാറിലെത്തിയ രണ്ടംഗ സംഘമാണ് കൃത്യം നടത്തിയത്. അക്രമികളിലൊരാളെ വ്യക്തമായി കണ്ട സുരേഷ് കുമാറിന്റെ ഭാര്യ പ്രതിയെപ്പറ്റിയുള്ള മൊഴി പോലീസിന് കൊടുത്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കേരള ബാങ്കില്‍ ജോലിയുള്ള ഒരു ജീവനക്കാരിയാണിതിന് പിന്നിലെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. ഈ ജീവനക്കാരിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക്ശേഷം കണ്ണൂരില്‍ കണ്ടെത്തിയ വെള്ളനിറത്തിലുള്ള കാര്‍ ഫോറന്‍സിക്ക് പരിശോധനക്ക് വിധേയമാക്കിയിട്ടും അതില്‍നിന്നും ഒന്നും ലഭിച്ചില്ല എന്ന് പോലീസ് പറഞ്ഞിരുന്നു.
ഇതുവരെയുള്ള പോലീസിന്റെ അന്വേഷണത്തില്‍ ബന്ധുക്കള്‍ അസംതൃപ്തരാണ്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോയും അക്രമികളെത്തിയ കാറിന്റെ നമ്പറും പോലീസിന് സംഘടിപ്പിച്ച് കൊടുത്തിരുന്നതായി സുരേഷ്ബാബുവിന്റെ സഹോദരന് പി.വി. രവി പറയുന്നു.
ഒരുവര്‍ഷം മുമ്പും സുരേഷ്ബാബുവിനെതിരേ ക്വട്ടേഷന്‍ സംഘത്തിനന്റെ ഭീഷണിയുണ്ടായിരുന്നതായും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതായും ഇദ്ദേഹം പറയുന്നു. അക്രമികളെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ചെറുതാഴം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.വി. ഗോവിന്ദന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പ്രതികളെ പിടികൂടാത്ത പോലീസിന്റെ ഉദാസീനതയ്ക്കെതിരേ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളും നടന്നുവരികയായിരുന്നു.