വെമ്പായം: പണം കടംകൊടുക്കാത്തതിലുള്ള വിരോധത്തിൽ വീട്ടിൽക്കയറി ആക്രമണം നടത്തി ഗൃഹനാഥനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.
വട്ടപ്പാറ, തെങ്കറമുകൾ ശ്രീപാദം വീട്ടിൽ സൂരജിനെ ആക്രമിച്ച നെടുമങ്ങാട് പത്താംകല്ല് സ്വദേശി വിഷ്ണു, ഏണിക്കര സ്വദേശി വിമൽ എന്നിവരെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
സൂരജ് തന്റെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതറിഞ്ഞ് സുഹൃത്തായ വിമൽ ഒരു ലക്ഷം രൂപ കടമായി ആവശ്യപ്പെട്ടു. സൂരജ് തുക നൽകാൻ തയാറായില്ല.
ഇതിന്റെ വിരോധത്തിൽ കഴിഞ്ഞ പതിനൊന്നിന് രാത്രി 9.15 ന് സൂരജിന്റെ വീട്ടിൽ അതിക്രമിച്ചു കയറി പ്രതികൾ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികൾ കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും, നെടുമങ്ങാട്,അരുവിക്കര, പേരൂർക്കട പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
വട്ടപ്പാറ സിഐ ഡി.ഗിരിലാലിന്റെ നേതൃത്വത്തിൽ എസ്ഐ ആർ.ബൈജു, എസ്സി പിഒമാരായ അജിത്, സൂരജ്, സിപിഒമാരായ ശ്രീകാന്ത്, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.