
ആലുവ: ലോഡ്ജിൽ അതിക്രമിച്ച് കയറി വാടകയ്ക്ക് താമസിക്കുകയായിരുന്ന വെളിയത്തുനാട് ഇറച്ചിക്കട ഉടമ ഇബ്രാഹിമിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർകൂടി ആലുവ പോലീസിന്റെ പിടിയിലായി.
പറവൂർ കെടാമംഗലം കല്ലറയ്ക്കൽ അക്ഷയ് പുരുഷോത്തമൻ (23), നോർത്ത് പറവൂർ കെടാമംഗലം മച്ചായത്ത്പറമ്പ് വരപ്പൻ എന്ന് വിളിക്കുന്ന വിപിൻ വാരിജാക്ഷൻ (27), കരുമാലൂർ മനയ്ക്കപ്പടി കരോട്ടിക്കാട്ടിൽ വീട്ടിൽ ആഷിക് അജി (24) എന്നിവരാണ് പിടിയിലായത്.
പറവൂർ കവലയിലുള്ള ഐറിസ് വില്ലയിൽ കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടടുത്ത ദിവസം നാല് പേർ പിടിയിലായിരുന്നു.
പെരുമ്പാവൂരിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ അനസിന്റെ അനുയായികളാണ് പിടിയിലായവരെല്ലാം. ആഷിക്കിനെ എസ്ഐ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ കോയമ്പത്തൂരിൽനിന്നും മറ്റ് രണ്ട് പേരെ സിഐ നവാസിന്റെ നേതൃത്വത്തിൽ പറവൂരിൽ നിന്നുമാണ് പിടികൂടിയത്.