വൈക്കം: തലയാഴത്ത് വീടുകയറി ആക്രമിച്ചു നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറായ ഒരാളെ കൂടി വൈക്കം പോലീസ് പിടികൂടി. ടിവി പുരം കോട്ടച്ചിറ സ്വദേശി ജിഷ്ണു(25)വാണ് അറസ്റ്റിലായത്.
ഏതാനും ദിവസങ്ങൾക്കു മുന്പ് തലയാഴം ഉല്ലല ഏനേഴത്ത് വെണ്മണി വിഷ്ണു, വിഷ്ണുവിന്റെ പിതാവ്, സഹോദരൻ, സുഹൃത്ത് തുടങ്ങിയവരെയാണ് ജിഷ്ണുവും സുഹൃത്ത് അഗ്രേഷും ചേർന്നു വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ 20ന് ഉച്ചയോടെ തലയാഴം ഉല്ലലയിലെ അഗ്രേഷിന്റെ വീട് വെണ്മണി വിഷ്ണുവിന്റെ നേതൃത്വത്തിൽ അടിച്ചു തകർത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ജിഷ്ണുവും അഗ്രേഷും ചേർന്നു വെണ്മണി വിഷ്ണുവിന്റെ വീട് ആക്രമിച്ചതും വെട്ടിപരിക്കേൽപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
അഗ്രേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അഗ്രേഷ് സംഭവത്തിനുശേഷം എറണാകുളം, ചോറ്റാനിക്കര, കളമശേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒളശയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അഗ്രേഷിനെ ചോദ്യം ചെയ്തതോടെയാണ് ഒളിവിൽ കഴിയുന്ന ജിഷ്ണുവിനെക്കുറിച്ചു വിവരം ലഭിച്ചത്. തുടർന്നു പോലീസ് പിടികൂടുകയായിരുന്നു.
ആക്രമണത്തിൽ ഇരുവിഭാഗത്തിൽപ്പെട്ടവർക്കും പരിക്കേറ്റിരുന്നു. വിഷ്ണുവിനെയും കുടുംബത്തെയും ആക്രമിച്ച കേസിൽ ജിഷ്ണുവിനെ ഉൾപ്പടെ ആറു പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൈക്കം എസ്എച്ച്ഒ എസ്.പ്രദീപ്, എസ് ഐ കെ.നാസർ, സിവിൽ പോലീസ് ഓഫീസർമാരായ ജോസ്, പ്രദീജ്, സുബീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.