പാലോട് : മോഷണം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങമല പറക്കോണത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ അതിക്രമം കാണിച്ച് ഒളിവിലായിരുന്ന പെരിങ്ങമ്മല പറക്കോണം തടത്തരികത്തു വീട്ടിൽ സുമേഷ് (അനു-20),പെരിങ്ങമ്മല ജവഗർ കോളനി ബ്ലോക്ക് നമ്പർ 15 ൽ അൻസിൽ (21),പെരിങ്ങമ്മല പറക്കോണം രഞ്ജിത് ഭവനിൽ രതീഷ് (ചാഞ്ചു- 30),പെരിങ്ങമ്മല മീരൻപെട്ടിക്കരിക്കകം റിയാസ് മനസിലിൽ റിയാസ് ( 26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിനുശേഷം സുമേഷും അൻസിലും രതീഷും മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് നിന്ന് ഒരു ബുള്ളറ്റ് മോഷ്ടിച്ചു കൊല്ലം , തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയായിരുന്നു.
പിന്നീട് ബുള്ളറ്റ് നെടുമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ചശേഷം പ്രതികളിൽ ഒരാളുടെ പൾസർ ബൈക്കിൽ മൂവരും വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലെ കരിപ്പൂർ , മലമ്പറക്കോണത്ത് കടനടത്തുന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പറണ്ടോട് ചേരപ്പള്ളിയിലും കൊല്ലം ജില്ലയിലെ കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കിരാലയിലും കടനടത്തുന്ന സ്ത്രീകളുടെ മാല സംഘം പൊട്ടിച്ചെടുത്തു.
മോഷണ വസ്തുക്കൾ റിയാസിന്റെ സഹായത്തോടെ മടത്തറ, പാലോട് എന്നിവിടങ്ങളിലെ വിവിധ ജ്വവല്ലറികളിൽ വിൽക്കുകയും ഫിനാൻസ് സ്ഥാപനങ്ങളിൽ പണയം വച്ചെന്നും ആഡംബര വാഹനങ്ങൾ വാടകക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു.
പാലോട് എസ്ഐ നിസാറുദീന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിൻതുടരുന്നതിനിടെ പെരിങ്ങമല കുണ്ടാളൻ കുഴിയിൽ വച്ച് പോലിസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.
തുടർന്ന് സ്ഥലത്തു നിന്നും രക്ഷപെട്ട ഇവരെ പിൻതുടർന്ന് കൊല്ലം ജില്ലയിലെ കൊട്ടിയത്തു വച്ച് കൊട്ടിയം പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പാലോട് സിഐയും സംഘവും പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് മോഷണ മുതലുകളും മോഷണത്തിനുപയോഗിച്ച ബൈക്കും കണ്ടെത്തി.പ്രതികളുടെ പേരിൽ നെടുമങ്ങാട് , പാലോട് , വെഞ്ഞാറമ്മൂട് പോലീസ് സ്റ്റേഷനുകളിലെ മാല പൊട്ടിക്കൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
നെടുമങ്ങാട് ഡിവൈഎസ്പി എം . കെ. സുൾഫിക്കർ,പാലോട് ഇൻസ്പെക്ടർസി.കെ. മനോജ്, എസ്ഐ നിസാറുദീൻ, ജിഎസ്ഐമാരായ റഹിം, ഉദയകുമാർ ,വി.വി.വിനോദ് , ഷിബു കുമാർ , ജിഎഎസ്ഐമാരായ അനിൽകുമാർ , അജി ,സജു, എസ്സിപിഒ ബിജു, അനീഷ്, സിപിഒ കിരൺ , രഞ്ജീഷ്, സുജുകുമാർ, വിനീത്, റിയാസ്, രഞ്ജുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.