പുതിയതെരു: പുതിയതെരുവിലെ ബിജെപി ഓഫീസ് തീയിട്ട് നശിപ്പിക്കുകയും വരാന്തയിൽ കിടക്കുകയായിരുന്ന സുരേന്ദ്രൻ എന്നയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിൽ സിപിഎം പ്രവർത്തകനെ പോലീസ്അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകൻ കണ്ണൂർ ചാലാട് സ്വദേശി അൻജിത്തിനെ (27) ആണ് വളപട്ടണം എസ് എച്ച് ഒ വി.വി. മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജനുവരി നാലിനായി രുന്നു സംഭവം.
സംഭവത്തിൽ പ്രതികളായ അജയ് കുമാർ,അൻജിത്ത് എന്നിവർക്ക് പൊള്ളലേറ്റ് പരിക്കേറ്റിരുന്നു. ഈ കേസിൽ ചിറക്കൽ സ്വദേശികളായ അജയ്കുമാർ,അരുൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജാമ്യത്തിലിറങ്ങിയെങ്കിലും മൂന്നാം പ്രതിയായ അൻജിത്ത് ബംഗളൂരു, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടുകയായിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എഎസ്ഐമാരായ കുഞ്ഞിരാമൻ, പ്രസാദ്, സിപിഒ മാരായ കെ.പി.സിനോബ്, ടി.കെ.ഗിരീഷ്, എസ്പിയുടെ ഷാഡോ സംഘാംഗമായ അജിത് എന്നിവരാണ് ഉണ്ടായിരുന്നത്.