അന്പലപ്പുഴ: അന്പലപ്പുഴയിൽ രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റ സംഭവത്തിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരായ ഒൻപതു പേരെ പോലീസ് അറസ്റ്റു ചെയ്തു. പ്രജീഷ് (34), പ്രസന്നകുമാരൻ പിള്ള (34), അർജുൻ (21), ശ്രീരാജ് (23), പ്രദീപ് (29), സുധീഷ് (30), ഗിരീഷ് (36 ), രജീഷ് അലിയാസ് മണിക്കുട്ടൻ (28), ഗോപീകൃഷ്ണൻ (24) എന്നിവരെയാണ് അന്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ കരുമാടി ഞൊണ്ടി മുക്കിൽ വെച്ചായിരുന്നു ആക്രമണം.
ബൈക്കിൽ അന്പലപ്പുഴക്കു വരുകയായിരുന്ന സിപിഎം പ്രവർത്തകരായ പ്രജോഷ് കുമാർ (30), ജെൽസണ്‍ (33) എന്നിവരെ പത്തോളം വരുന്ന സംഘം പിന്നാലെ എത്തി വെട്ടിപരിക്കേൽപിക്കുകയായിരുന്നു. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെട്ടി പരിക്കേൽപ്പിച്ച ശേഷം സമീപത്തെ മൈതാനത്ത് നിന്ന പ്രതികൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന എട്ടു ബൈക്കുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
സിഐ മുരളിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന കൊട്ടിക്കലാശത്തിൽ ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടന്ന അക്രമമെന്നും പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരാണെന്നും പോലീസ് പറഞ്ഞു.