ചെങ്ങളം: കുന്നുംഭാഗത്ത് ഇലക്ട്രിക്കൽ സ്ഥാപന ഉടമയായ ബിനോ ടോണിയുടെ മുഖത്ത് മുളക് ലായനി തേച്ച് പണം കവർന്ന കേസിൽ ഒന്നിലധികം പേർ അറസ്റ്റിൽ ആകുമെന്ന് സൂചന. കോട്ടയം ചെങ്ങളത്തുള്ള റിട്ട. എസ്ഐയുടെ ഇടപാടിലായിരുന്നു ഇന്നലെ അറസ്റ്റിലായ ചെങ്ങളം നെടുമാവ് മാപ്പിളത്താഴെ ഐസക്(63) വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ക്വട്ടേഷൻ നൽകിയത്.
സംഭവത്തിൽ ഐസക് ഉൾപ്പെടെ ആറ് പേരെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാറത്തോട് പുത്തൻപുരയ്ക്കൽ ഫസിലി(41), പാറത്തോട് പാറയ്ക്കൽ പി.എൻ.നൗഷാദ്(54), ആനക്കല്ല് ചെരുപുറത്ത് പുളിന്താഴെ അജ്മൽ അബു(39), കാഞ്ഞിരപ്പള്ളി ആനക്കല്ല് കാവുകാട്ട് വടക്കേശേരിയിൽ അജേഷ് തങ്കപ്പൻ(അപ്പു-23), ആനക്കല്ല് വളവുകയം കാക്കനാട്ട് അലൻ തോമസ്(24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തതത്. ചെങ്ങളം സ്വദേശിയായ ബിനോ ടോണിയോയും ഐസക്കും അയൽവാസികളാണ്.
മാലിന്യം ഇടുന്നതിനെ ചൊല്ലി ഇരു കൂട്ടരും വർഷങ്ങളായി തർക്കം നിലനിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ആക്രമത്തിന് ഇരയായ ബിനോ ഇതു സംബന്ധിച്ച് പോലീസിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെയെല്ലാം പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ഹരിശങ്കറന്റെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്. മധുസൂദനന്റെ നേതൃത്വത്തിൽ പൊൻകുന്നം സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. മോഹൻദാസ്, എസ്ഐ കെ.ഒ. സന്തോഷ് കുമാർ, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ പി.വി. വർഗീസ്, എഎസ്ഐ എം.എ. ബിനോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.എസ്. അഭിലാഷ്, നവാസ്, റിച്ചാർഡ്, ശ്യാം എസ്. നായർ, ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.