തൃപ്പൂണിത്തുറ: യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മുൻ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം, മേനാച്ചേരി വീട്ടിൽ ജിബിൻ ജേക്കബ് (28) നെയാണ് ഹിൽപാലസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27ന് തൃപ്പൂണിത്തുറ ആദംപളളിക്കാവ് ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്ക്കിടെ, വടക്കേക്കോട്ട ചക്കാലമുട്ട് ചിറപ്പുറത്ത് വീട്ടിൽ ശ്രീരാജിനെ(21) പ്രതി കൈയിൽ കരുതിയിരുന്ന ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.
ഗാനമേള നടന്നുകൊണ്ടിരിക്കെ ശ്രീരാജിൻന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ നിന്ന് തുളളിയപ്പോൾ മാറി നിന്ന് തുളളാൻ പറഞ്ഞതിലുളള വിരോധമാണ് പ്രതി, യുവാവിന്റെ തലയ്ക്കടിക്കാൻ കാരണമായത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ മൂവാറ്റുപുഴയിൽ നിന്നു പോലീസ് പിടികൂടുകയായിരുന്നു. ഇയാൾക്ക് കുന്നത്തുനാട് പോലീസ് സ്റ്റേഷനിലടക്കം സമാന രീതിയിലുളള കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്ഐമാരായ എം. പ്രദീപ്, വി.ആർ. രേഷ്മ, എഎസ്ഐമാരായ രാജീവ് നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്സിപിഒ ശ്യാം ആർ. മേനോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.