ശ്രീകാര്യം: ആറ്റിപ്ര പള്ളിത്തുറയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസികളായ രണ്ടു പ്രതികളെ പോലീസ് പിടികൂടി.
പള്ളിത്തുറ നെഹ്റു ജംഗ്ഷൻ എസ്.എൽ ഹൗസിൽ അമ്പാടി എന്നു വിളിക്കുന്ന ആനന്ദ് (23), ഇയാളുടെ രണ്ടാനച്ഛൻ കബീർ (48) എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി 8.30 നാണ് സംഭവം നടന്നത്. പള്ളിത്തുറ നെഹ്റു ജംഗ്ഷനിൽ അയൽവാസിയായ രഞ്ജിത്തിനെ പ്രതികൾ വെട്ടുകത്തി കൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രഞ്ജിത് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിനു നേരെ ഓട്ടോറിക്ഷ ഓടിച്ചു വന്ന പ്രതി കബീർ, ഉച്ചത്തിൽ ഹോണടിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.