ഗാന്ധിനഗർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രിയിൽ ആക്രമണം നടത്തി. റെഡ്സോണ്‍ വിഭാഗത്തിലെ സീലിംഗ് അടിച്ചു തകർക്കുകയും ഡോക്ടർമാരെയും നഴ്സുമാരെയും അസഭ്യം പറയുകയും ചെയ്തതായി പരാതി.
ചങ്ങനാശേരി തകിടിയേൽ വിനീഷി(26)നെതിരെയാണ് മെഡിക്കൽ കോളജ് അധികൃതർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. ഇന്നലെ അർധരാത്രിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം.
എംസി റോഡിൽചങ്ങനാശേരി ഭാഗത്തു വിനീഷിനെ ഒരു കാർ തട്ടി. ക്ഷുഭിതനായ വിനീഷ് കാറിന്റെ ചില്ല് തകർത്തു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെത്തി കാർ ഉടമയോട് ക്ഷമ പറയുകയും പിന്നീട് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൻമേൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വിനീഷിനെ ചികിത്സയ്ക്ക് എത്തിക്കുകയുമായിരുന്നു.
റെഡ് സോണ്‍ വിഭാഗത്തിലെ പ്രാഥമിക പരിശോധനയിൽ തന്നെ രോഗിക്കു വലിയ കുഴപ്പമില്ലെന്നും അമിതമായി മദ്യപിച്ചെന്നും ഡോക്ടർ കണ്ടെത്തി. ഇതിനിടയിലാണ് പരിശോധന നടത്തിയ ഡോക്ടറെ അസഭ്യം പറഞ്ഞുകൊണ്ടു മർദിക്കുവാൻ വിനീഷ് ഒരുങ്ങിയത്.
കുത്തിവയ്ക്കുന്നതിനു കയ്യിൽ കെട്ടുന്ന സൂചി പറിച്ചു കളഞ്ഞശേഷം കിടന്നിരുന്ന കട്ടിലിന്റെ മേൽ ഭാഗത്തെ സീലിംഗ് വലിച്ചു പൊളിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അഡ്മിറ്റ് ചെയ്തു ചികിത്സിക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ ഇയാളെ ആശുപത്രിയിൽനിന്ന് പറഞ്ഞു വിട്ടു.
ഇയാൾ ചങ്ങനാശേരി സ്റ്റേഷൻ പരിധിയിൽ അടിപിടി കേസിൽ പ്രതിയാണോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു.