ചങ്ങനാശേരി: വീട്ടിലും സ്ഥാപനത്തിലും കയറി ആക്രമണം നടത്തിയതിനു പിന്നിൽ മുൻവൈരാഗ്യം. അക്രമണം നടത്തിയ തൃക്കൊടിത്താനം നാലുപറയിൽ ഷിബിൻ മൈക്കിൾ (23), ചെത്തിപ്പുഴ മരേട്ട്പുതുപ്പറന്പിൽ ജിറ്റോ ജിജോ (22) എന്നിവരെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർ വടക്കേക്കരയിലും കൂനന്താനത്തും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നവരാണ്. നാളുകൾക്കു മുന്പ് ഒരു സംഘം ആളുകൾ ഇതു ചോദ്യം ചെയ്തിരുന്നു.
ഇതോടെ ഇവർ സ്ഥലത്തുനിന്നും മുങ്ങിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചങ്ങനാശേരിയിൽ തിരിച്ചെത്തിയ സംഘം ഇവരെ തിരിച്ചടിക്കാൻ പദ്ധതിയിടുകയായിരുന്നു.
തുടർന്നു കൂനന്താനം പുറക്കടവ് ഭാഗത്തുളള ഹാബി വുഡ് ആന്റ് അലൂമിനിയം ഫാബ്രിക്കേഷൻ എന്ന സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തി.
കട നടത്തുന്ന സമീർ താജുദീനേയും സുഹൃത്തായ ഹബീബിനേയും മർദിച്ചു.ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സ്ഥാപനത്തിന്റെ മുൻവശം പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് അടിച്ചു പൊട്ടിച്ച ശേഷമാണ് സ്ഥലത്തു നിന്നും പോയത്.
പിന്നീട് വടക്കേക്കര സ്കൂളിന് സമീപം വാഴക്കുളം ശശികുമാറിന്റെ വീട്ടിലും ഇതേ സംഘം അതിക്രമിച്ചു കയറി ശശികുമാറിനേയും കുടുംബാംഗങ്ങളേയും ഉപദ്രവിക്കുകയും വീടിന് നഷ്ടം വരുത്തുകയും ചെയ്തു.
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ എറണാകുളത്തുനിന്നും പിടികൂടിയത്.
നിരവധി പിടിച്ചുപറി, കഞ്ചാവ്, ക്രിമിനൽ കേസുകളിലെ പ്രതികളാണ് പിടിയിലായ ഷിബിനും ജിറ്റോയുമെന്ന് പോലീസ് പറഞ്ഞു.
എസ്ഐ ജയകൃഷ്ണൻ, എഎസ്ഐ രഞ്ജീവ് ദാസ്, ആനന്ദകുട്ടൻ, സിജു സൈമണ്, ഷിനോജ്, സീനിയർ സിപിഒ ഡെന്നി ചെറിയാൻ, ആന്റണി, തോമസ് സ്റ്റാൻലി, അതുൽ.കെ മുരളി എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.