കണ്ണൂർ: കണ്ണൂർ പയ്യാന്പലം ബീച്ചിൽ യുവതിക്കുനേരേ ആക്രമണം നടത്തിയ പ്രതികളെ പൊക്കിയത് കണ്ണൂർ ടൗൺ പോലീസ് നടത്തിയ ഓപ്പറേഷൻ ബീച്ച് ഡ്രാഗണിൽ. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യംചെയ്ത പള്ളിക്കുന്ന് സ്വദേശിനിയായ 21 കാരിയെയാണ് തള്ളിയിട്ടു പരിക്കേൽപ്പിച്ചത്. കൈയെല്ല് പൊട്ടിയ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിറക്കൽ മുക്കണ്ണൻ ഹൗസിൽ എം. നവാസ് (36), പാപ്പിനിശേരി എംഎം ഹോസ്പിറ്റലിനു സമീപത്തെ കെ. ഹൗസിൽ മുഹമ്മദലി (36) എന്നിവരെ റിമാൻഡ് ചെയ്തു.
ആറുമണിക്കൂറിനുള്ളിൽ പ്രതികൾ വലയിൽ
ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സുഹൃത്തുക്കളോടൊപ്പം പയ്യാമ്പലം ബീച്ചിലെത്തിയപള്ളിക്കുന്ന് സ്വദേശിനിയെ രണ്ടംഗസംഘം ആക്രമിച്ചത്. പള്ളിക്കുന്ന് സ്വദേശിനിയുടെ സമീപത്തുണ്ടായിരുന്ന വിദ്യാർഥിനികളെ ബുള്ളറ്റിൽ വന്ന രണ്ട്പേർ കമന്റടിക്കാൻ തുടങ്ങിയിരുന്നു.
പെൺകുട്ടികൾ ഒഴിഞ്ഞ് മാറി പോകാൻ തുടങ്ങിയപ്പോൾ പള്ളിക്കുന്ന് സ്വദേശിനി ബുള്ളറ്റിൽ വന്നവരോട് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് ബുള്ളറ്റിൽ വന്നവർ അവരെ വിട്ട് പള്ളിക്കുന്ന് സ്വദേശിനിയോടായി തർക്കം. തർക്കം മൂത്തപ്പോൾ അവർ പെൺകുട്ടിയെ പാറക്കൂട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു. പാറക്കൂട്ടത്തിലേക്ക് വീണ പെൺകുട്ടിയുടെ കൈ ഒടിയുകയും ചെയ്തു.
വിവരം അറിഞ്ഞ കണ്ണൂർ ടൗൺ പോലീസ് ബീച്ച് ഡ്രാഗൺ എന്ന പേരിൽ ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. തുടർന്ന് പ്രത്യേക പോലീസ് സംഘം യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റിനായി നഗരത്തിൽ വിവിധയിടങ്ങളിൽ നടത്തിയ തെരച്ചിലിൽ ആ സമയം നഗരത്തിലുണ്ടായ 100 ഓളം ബുള്ളറ്റുകൾ പരിശോധിക്കുകയു തുടർന്ന് യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റിന്റെ നമ്പർ ലഭിക്കുകയും ചെയ്തു. ബുള്ളറ്റിന്റെ ഉടമസ്ഥനെ ചോദ്യം ചെയ്തതിൽ ഓടിച്ചയാളെ കണ്ടെത്തുകയായിരുന്നു.
ഇതിനിടയിൽ പെൺകുട്ടിയെ ആക്രമിച്ച പ്രതികൾ വിവിധ ഇടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അഴിക്കൽ ബോട്ട് ജെട്ടിയിലെ ബോട്ടുകളിൽ ആദ്യം താമസിക്കാനൊരുങ്ങിയെങ്കിലും പ്രതികൾ പാപ്പിനിശേരി, മാട്ടൂൽ തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു.
രാത്രിയോടെ പ്രതികളിലൊരാൾ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് രണ്ട് ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെ അന്വേഷണം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചായി. സമീപ പ്രദേശത്തെ മുഴുവൻ ഹോട്ടലുകളിലും പരിശോധന നടത്തിയപ്പോൾ പ്രതിയുടെ പേരിൽ ബുക്ക് ചെയ്ത റൂം കണ്ടെത്തുകയും അതിൽ താമസിക്കുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാൽ യഥാർഥ പ്രതികളല്ലെന്ന യാഥാർഥ്യം മനസിലാക്കിയ പോലീസ് സംഘം മഫ്തിയിൽ ഹോട്ടലിന് പുറത്ത് കാത്തിരുന്ന സംഘത്തിനു മുമ്പിൽ പ്രതികൾ മറ്റൊരു റൂം എടുക്കാനായി എത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ എടുത്ത പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറുമണിക്കൂർ കൊണ്ടാണ് കണ്ണൂർ ടൗൺ പോലീസ് ഓപ്പറേഷൻ ബീച്ച് ഡ്രാഗൺ പൂർത്തിയാക്കിയത്.
കണ്ണൂർ ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ എ.ഉമേഷ്, പ്രിൻസിപ്പൽ എസ്ഐ എൻ.പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ കെ.എൻ.സജ്ഞയ്, സിപിഒ ജിതേഷ്, രാജേഷ്, കണ്ണൂർ കൺട്രോൾ റൂം സിവിൽ പോലീസ് ഓഫിസർമാരായ രതീഷ് , ജിതിൻ, ശ്യാം, ഹാരിസ് പ്രജീഷ് എന്നിവരും ഓപ്പറേഷൻസംഘത്തിൽ ഉണ്ടായിരുന്നു.