കുമ്പഴ : ബസ് കാത്തു നിന്ന യുവതിയെ പട്ടാപ്പകൽ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ വെട്ടത്തേതിൽ ഷാജി തോമസാ (35) ണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11.30 ന് കുന്പഴ ജംഗ്്ഷനിലായിരുന്നു സംഭവം. ഷാജി ഉപയോഗിച്ചിരുന്ന ക്രച്ചസു കൊണ്ടുള്ള അടിയേറ്റ് കൈയുടെ എല്ലിന് പൊട്ടലേറ്റ യുവതി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിലാണ്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട എസ്ഐ സനൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഷാജിയെ കസ്റ്റഡിയിൽ എടുത്തത്. വർഷങ്ങൾക്ക് മുന്പ് അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടയാളാണ് ഷാജി തോമസ്. കൃത്രിമക്കാൽ ഘടിപ്പിച്ച് ക്രച്ചസിന്റെ സഹായത്തോടെയാണ് ഇയാൾ നടക്കുന്നത്.
ആക്രമിക്കപ്പെട്ട യുവതിയുമായി പ്രതിക്ക് മുൻപരിചയമില്ല. അടുത്തയിടെ താൻ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടി എടുത്തില്ലെന്നും അന്നു മുതൽ ഏതു സ്ത്രീകളെ കണ്ടാലും ആക്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നുവെന്നും അതിന്റെ ഭാഗമായിട്ടാണ് ഇന്നലെ യുവതിയെ തല്ലിയതെന്നുമാണ് ഇയാൾ പോലീസിനോടു പറഞ്ഞത്. ഇയാൾ നേരത്തെ നൽകിയിട്ടുള്ള പരാതി ആറന്മുള സ്റ്റേഷൻ പരിധിയിലുള്ളതാണെന്നും കേസ് പരിഹരിച്ചെന്നുമാണ് പോലീസ് പറയുന്നത്.