നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും സമീപപ്രദേശങ്ങളിലും വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തിയ കേസിൽ മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുശവർകോട്ടുകൊണം തുണ്ടുവിള വിപിൻ നിവാസിൽ ചിപ്പൂട്ടി എന്ന വിനീത് (21), കൊടങ്ങാവിള ടിഎസ് ഭവനിൽ പാക്കിലി എന്ന നന്ദുഅജികുമാർ (21), അതിയന്നൂർ കമുകിൻകോട് പട്ടക്കുടി ഏലാ കണ്ണേറ് വീട്ടിൽ ജസ്റ്റിൻ എന്ന അഖിൽ (26) എന്നിവരെയാണ് നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ പ്രതികൾ നെയ്യാറ്റിൻകരയിലും പരിസര പ്രദേശങ്ങളിലും ആക്രമണം നടത്തുകയായിരുന്നു. നെയ്യാറ്റിൻകര ശംഖൊലി മാടൻതന്പുരാൻ ക്ഷേത്രത്തിനു സമീപത്തെ വിഎസ്ഡിപി ഓഫീസ്, വെണ്‍പകലിലെ എൻഎസ്എസ് കരയോഗം ഓഫീസ് എന്നിവയ്ക്കു നേരെ ആക്രമണം നടത്തി.
കൊടങ്ങാവിളയിൽ വിവിധ രാഷ്ട്രീയ സാമുദായിക സംഘടനകളുടെ കൊടിമരങ്ങളും ഫ്ളക്സ് ബോർഡുകളും കമുകിൻകോട് സിപിഎം, ബിജെപി കൊടിമരങ്ങളും നശിപ്പിച്ചു. കേരളകൗമുദി ലേഖകൻ എ.പി. ജിനന്റെ നെയ്യാറ്റിൻകരയിലെ വീടും മൂന്നംഗ സംഘം ആക്രമിച്ചു. കമുകിൻകോട് പള്ളിപരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്.
നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും വിനീതിനെ ആദ്യം പോലീസ് പിടികൂടി. വിനീതിനെ ചോദ്യം ചെയ്തപ്പോൾ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരവും ലഭിച്ചു. ഇവരെ വഴിമുക്ക് പ്ലാവിളക്ക് സമീപത്ത് നിന്നുമാണ് പിടികൂടിയത്. മദ്യലഹരിയിലായിരുന്നു ഇവർ അക്രമം നടത്തിയതെന്നു നെയ്യാറ്റിൻകര ഡിവൈഎസ്പി ബി. ഹരികുമാർ പറഞ്ഞു. നെയ്യാറ്റിൻകര സിഐ അരുണ്‍കുമാർ, എസ്ഐ ശ്രീകണ്ഠൻനായർ, എഎസ്ഐ സാബുകുമാർ, സിപിഒ മാരായ ശക്തി, പ്രവീണ്‍ ആനന്ദ്, വിനോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.