കോട്ടയം: മാരകായുധങ്ങളുമായി എത്തിയ മോഷ്ടാക്കൾ വീടുകളിൽ അതിക്രമിച്ചുകയറി വീട്ടുകാരെ വെട്ടിപരി ക്കേൽപ്പിച്ചു. മണർകാടിന് സമീപം അയർക്കുന്നം നീറിക്കാട്ടിൽ ഇന്നു പുലർച്ച 1.30 ഓടെയാണ് അക്രമം നടന്നത്. നീറിക്കാട് അമ്മനത്ത് റോയി(45), ഭാര്യ ഡെയ്സി(40), ഇടപ്പള്ളിയിൽ കുഞ്ഞ്(52), ഇയാളുടെ ഭാര്യ ശോഭ(45) എന്നിവർക്കാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു തമിഴ്നാട് സ്വദേശികളെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് റിപ്പോർട്ട്. പോളച്ചിറയിൽ ബേക്കറി നടത്തുന്ന നീറിക്കാട് ഇലവുങ്കൽ മോഹനന്‍റെ വീടിന്‍റെ പിന്നിലെ കതക് മോഷ്ടാക്കൾ തല്ലിതകർക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പുലർച്ചെ 1.30 ഓടെ അടിവസ്ത്രം മാത്രമിട്ട മൂന്നംഗ സംഘം മാരാകായുധങ്ങളുമായി അമ്മനത്ത് റോയിയുടെ വീട്ടിൽ അതിക്രമിച്ചു കയറി. റോയിയുടെ ഭാര്യ ഡെയ്സിയുടെ കഴുത്തിൽ കിടന്ന രണ്ടു പവന്‍റെ മാല മോഷ്ടാക്കൾ പൊട്ടിച്ചെടുത്തു. ഇതുകണ്ട റോയി മോഷ്ടാക്കളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇയാളെ വെട്ടിപരിക്കേൽപ്പിച്ചു. തുടർന്ന് മൂന്നംഗ സംഘം റോയിയെയും ഡെയ്സിയെയും മർദിച്ച് അവശരാക്കിയ ശേഷം രക്ഷപ്പെട്ടു.
പിന്നീട് അരമണിക്കൂറിനു ശേഷം റോയിയുടെ വീട്ടിൽ നിന്നും 400 മീറ്റർ അകലെയുള്ള ഇടപ്പള്ളിയിൽ കുഞ്ഞിന്‍റെ വീട്ടിലെത്തിയ മോഷ്ടാക്കൾ വീടിന്‍റെ കതക് തല്ലിപ്പൊളിച്ചു അകത്തുകടന്നു. ബഹളം കേട്ട് എണീറ്റ കുഞ്ഞിനെ വെട്ടിപരിക്കേൽപ്പിച്ചു.
തടസം പിടിക്കാനെത്തിയ ഭാര്യ ശോഭയെയും മർദിച്ചു. തുടർന്ന് ശോഭയുടെ കഴുത്തിൽകിടന്ന ഒന്നര പവന്‍റെ മാലയുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അയർക്കുന്നം പോലീസിനെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ അയർക്കുന്നം പോലീസും കോട്ടയം ഈസ്റ്റ് പോലീസും സംയുക്തമായി മോഷ്ടാക്കൾക്ക് വേണ്ടി തെരച്ചിൽ നടത്തി. തുടർന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ടു പേരെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് പ്രദേശത്ത് പോലീസ് കാവലും ഏർപ്പെടുത്തി.
റോയിയുടെ നെറ്റിക്കാണ് പരിക്കേറ്റത്. കുഞ്ഞിന്‍റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ടെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. അക്രമികൾക്കായി പോലീസ് തെരച്ചിൽ വ്യാപകമാക്കി.