മൂവാറ്റുപുഴ: അസം സ്വദേശിനിയായ നാലരവയസുകാരിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വിശദമായ മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറിയേക്കും.
കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് പോലീസിന് കൈമാറും എന്നായിരുന്നു ആശുപത്രി അധികൃതർ ആദ്യം അറിയിച്ചിരുന്നത്. മെഡിക്കൽ റിപ്പോർട്ട് ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ലെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൂവാറ്റുപുഴ സിഐ ഗോപകുമാർ പറഞ്ഞു.
നിലവിൽ പീഡനം നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയിൽനിന്നും മൊഴി എടുത്തിട്ടുണ്ട്. മൂന്നു സൈക്കളോജിസ്റ്റുകൾ കുട്ടിയെ കൗൺസിലിംഗ് നടത്തിയിരുന്നു. എന്നാൽ പീഡനം നടന്നതായി കണ്ടത്താനായിട്ടില്ല. മെഡിക്കൽ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും സിഐ പറഞ്ഞു.
കഴിഞ്ഞ 27-നാണ് കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറ്റിൽനിന്ന് രക്തം പോകുകയും ചെയ്തതോടെ മൂവാറ്റുപുഴയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറിവും പരുക്കും കുടൽ പൊട്ടിയതായും കണ്ടെത്തിയത്.