തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സംഘപരിവാര്‍ അക്രമം. റോഡുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
അക്രമസക്തരായ പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകരെ അടക്കം ആക്രമിച്ചു. ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെ അക്രമമുണ്ടായി. കാമറകൾ പിടിച്ചുവാങ്ങി നശിപ്പിച്ചു.
യുവതികൾ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്കു പരിക്കേറ്റു. റോഡ് അരികിലെ ഫ്ലക്സ്ബോർഡുകൾ തകർത്തു. സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തും മാധ്യമപ്രവർത്തകർക്കു മർദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകൾ തകർത്തു.
ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പ കൗണ്ടര്‍ അടപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര ഓഫിസും താഴിട്ടുപൂട്ടി. കാസര്‍ഗോട്ടും നെയ്യാറ്റിന്‍കരയിലും കൊച്ചിയിലും റോഡ് ഉപരോധിച്ചു. പലയിടത്തും കടകള്‍ അടപ്പിച്ചു. എരുമേലിയിൽ മൂന്ന് വിശ്വാസികൾ കെട്ട് ഉപേക്ഷിച്ച് മടങ്ങി.